തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ പ്രളയാനന്തര പുനർനിർമ്മാണ ഫണ്ട് സമാഹരണത്തിനുള്ള സംസ്ഥാന മന്ത്രിമാരുടെ വിദേശപര്യടനം അനിശ്ചിതത്വത്തിലാക്കി. രണ്ടാഴ്ച മുമ്പ് സംസ്ഥാന സർക്കാർ അനുമതി തേടിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് യു.എ.ഇ സന്ദർശനത്തിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. അതും കടുത്ത നിബന്ധനകളോടെയാണ്. 5000കോടിയെങ്കിലും വിദേശ പര്യടനത്തിലൂടെ സമാഹരിക്കുകയെന്ന സർക്കാർ ലക്ഷ്യത്തിന് പുതിയ സംഭവവികാസം തിരിച്ചടിയായി. അടുത്ത ബുധനാഴ്ച മുതൽ 22വരെയാണ് പര്യടനം നിശ്ചയിച്ചിരുന്നത്. വിദേശമലയാളികളിൽ നിന്നും സംഘടനകളിൽ നിന്നും ഫണ്ടുകളും ഭവനനിർമ്മാണസഹായങ്ങളും സ്വീകരിക്കുകയായിരുന്നു ലക്ഷ്യം. ലോക കേരള സഭാംഗങ്ങളായ പ്രവാസികൾ ഏകോപനം നിർവഹിക്കാനും നിർദ്ദേശിച്ചു. പ്രവാസിസംഘടനകളുടെ ക്ഷണമനുസരിച്ചാണ് നയതന്ത്ര വിസയിൽ വിദേശപര്യടനത്തിന് മന്ത്രിമാർ അനുമതി തേടിയത്. സംഘടനകളിൽ ചിലത് രജിസ്ട്രേഷനടക്കമുള്ള നടപടിക്രമങ്ങൾ പാലിച്ചുള്ളവയല്ലെന്ന റിപ്പോർട്ട് എംബസികളിൽ നിന്ന് വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചതായാണറിവ്. എന്നാൽ, അംഗീകൃതസംഘടനകൾ തന്നെയാണ് ഭൂരിഭാഗം മന്ത്രിമാരെയും ക്ഷണിച്ചതെന്ന് സംസ്ഥാന സർക്കാർ പറയുന്നു.
പുതിയ സാഹചര്യത്തിൽ ചില മന്ത്രിമാരുടെ വിദേശപര്യടനം ഒഴിവാക്കുകയോ നീട്ടുകയോ വേണ്ടിവരുമെന്ന സംശയം സർക്കാരിനുണ്ട്. കഴിഞ്ഞ ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വിദേശപര്യടനത്തിനുള്ള മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗം വിളിച്ചപ്പോൾ, ചിലരുടെ യാത്രയ്ക്ക് കാലതാമസം നേരിട്ടേക്കാമെന്ന സൂചന മുഖ്യമന്ത്രി നൽകിയിരുന്നു. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവനും മാദ്ധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസുമാണ് മുഖ്യമന്ത്രിയെ യു.എ.ഇ പര്യടനത്തിൽ അനുഗമിക്കുക.
മുഖ്യമന്ത്രിക്കുള്ള നിബന്ധന
വിദേശ മലയാളികളിൽ നിന്നും മലയാളസംഘടനകളിൽ നിന്നും മാത്രം ഫണ്ട് ശേഖരിക്കാം.
വിദേശരാജ്യങ്ങളുടേത് പറ്റില്ല.
മന്ത്രിമാർ പോകാനിരുന്നത്:
മുഖ്യമന്ത്രി 17ന് അബുദാബി, 19ന് ദുബായ്, 20ന് ഷാർജ.
എ.കെ. ബാലൻ: ദമാം, ജിദ്ദ.
മാത്യു ടി.തോമസ്: റിയാദ്, നെതർലൻഡ്
എ.സി. മൊയ്തീൻ: മസ്കറ്റ്, സലാല.
കെ.ടി. ജലീൽ: ദോഹ.
എം.എം. മണി: ബഹ്റിൻ.
ഇ.പി. ജയരാജൻ: കുവൈറ്റ്.
ഇ. ചന്ദ്രശേഖരൻ: സിംഗപ്പൂർ.
പി. തിലോത്തമൻ: ക്വലാലംപൂർ.
ജെ. മേഴ്സിക്കുട്ടി അമ്മ: ആസ്ട്രേലിയ.
രാമചന്ദ്രൻ കടന്നപ്പള്ളി: ന്യൂസിലൻഡ്.
കടകംപള്ളി സുരേന്ദ്രൻ: ലണ്ടൻ.
എ.കെ. ശശീന്ദ്രൻ: ജർമനി.
തോമസ് ഐസക്, ജി. സുധാകരൻ: അമേരിക്ക.
വി.എസ്. സുനിൽകുമാർ: കാനഡ
ടി.പി. രാമകൃഷ്ണൻ: ശ്രീലങ്ക.