പാങ്ങോട് : പാങ്ങോട് പഞ്ചായത്
തിൽ മൈലമൂട് അഞ്ചാനക്കുഴിക്കരയിൽ നിർമ്മിച്ച പാലത്തിന്റെ പണി പൂർത്തിയായി ആറ് വർഷം കഴിഞ്ഞിട്ടും അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂത്തിയാക്കാനായില്ല. 2011ൽ ടി.എൻ. സീമ എം.പി യുടെ ഫണ്ടും പാങ്ങോട് പഞ്ചായത്തിന്റെ എസ്. ടി ഫണ്ടും ഉപയോഗിച്ചാണ് ഇവിടെ പാലം നിർമ്മിച്ചത്. നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് തുടക്കത്തിൽ തന്നെ പരാതികൾ ഉയർന്നിരുന്നു. എസ്റ്റിമേറ്റിൽ പറഞ്ഞിട്ടുള്ള പ്രകാരമല്ല പാലത്തിന്റെ പണികൾ എന്നായിരുന്നു പരാതി. പാലത്തിന്റെ ജോലികൾ പൂർത്തിയായി ആഴ്ചകൾക്കുള്ളിൽ തൂണിലും പാർശ്വഭിത്തികളിലും വിള്ളലുകൾ ഉണ്ടായി.പാലത്തിലേയ്ക്കുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണവും പൂർത്തിയാക്കാനായില്ല. പാലത്തിന്റേയും അപ്രോച്ച് റോഡിന്റേയും നിർമ്മാണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നാട്ടുകാർ വിജിലൻസിന് പരാതികൾ നൽകിയെങ്കിലും ഭരണ സ്വാധീനം ഉപയോഗിച്ച് തേയ്ച്ച് മായ്ച്ച് കളഞ്ഞെന്നും നാട്ടുകാർ ആരോപിക്കുന്നു. റോഡിനായി എറ്റെടുത്ത സ്ഥലം കാട് കയറി ഇടവഴിയ്ക്ക് സമാനമായി തീർന്നു. ഇതുവഴി നടന്ന് പോകാൻ കൂടി കഴിയാത്ത അവസ്ഥയാണ്. അഞ്ചാനക്കുഴിക്കര , ചെട്ടിയ കൊന്ന കയം , വെള്ളയം ദേശം എന്നി ഭാഗങ്ങളിലെ താമസക്കാരായ നൂറ് കണക്കിന് കുടുംബങ്ങൾക്ക് മൈലമൂട്, പാലോട്, ഭരതന്നൂർ ,കല്ലറ എന്നിവിടങ്ങളിൽ പോകാനാകാത്ത അവസ്ഥയാണ്.അപ്രോച്ച് റോഡിന്റെ പണികൾ പൂർത്തിയാക്കാൻ നടപടികളുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.