ശിവഗിരി: ശ്രീനാരായണഗുരുദേവനെ ഭഗവാൻ എന്ന് സംബോധന ചെയ്യുമ്പോൾ ഗദ്ഗദകണ്ഠനായി തീരുന്ന എം.പി. മൂത്തേടത്തിനെപ്പോലെ ഒരു പരമഭക്തനെ ശ്രീനാരായണ ശിഷ്യഗണത്തിൽ നമുക്ക് കാണാനാകില്ലെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരിയിൽ ആചാര്യസ്മൃതി സമ്മേളനത്തിൽ എം.പി.മൂത്തേടത്ത്, കോട്ടുകോയിക്കൽ വേലായുധൻ ദിനപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശിവഗിരിയിൽ ഗുരുദേവന്റെ മഹാസമാധി മന്ദിരം നിർമിച്ച് ലോകത്തിന് സമർപ്പിച്ച എം.പി.മൂത്തേടത്ത് ശിവഗിരിമഠമുള്ള കാലത്തോളം സ്മരിക്കപ്പെടും. മഹാസമാധി നിർമാണത്തിന് ശേഷം ശിവഗിരിയിൽ ബ്രഹ്മവിദ്യാലയത്തിന്റെ നിർമാണത്തിനും മഹത്തായ സംഭാവനകൾ ചെയ്തു.
ആലുവ അദ്വൈതാശ്രമം സ്കൂളിലെ അദ്ധ്യാപകനും ഗുരുദേവൻ ആലുവയിൽ നടത്തിയ സർവ്വമത സമ്മേളനത്തിന്റെ സംഘാടക സമിതി അംഗവും വൈക്കം സത്യാഗ്രഹത്തിന്റെ വോളന്റിയർ ക്യാപ്ടനുമായിരുന്നു കോട്ടുകോയിക്കൽ വേലായുധൻ. ഗുരുദേവന്റെ നിർദ്ദേശപ്രകാരം തഴവയിൽ തഴപ്പായ് വ്യവസായ യൂണിറ്റ് ആരംഭിക്കുകയും നൂറ്കണക്കിന് പേർക്ക് തൊഴിൽ നൽകുകയും ചെയ്തു. 1960 കാലഘട്ടത്തിൽ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റായിരുന്ന വി.ജി.സുകുമാരനും സ്മരിക്കപ്പെടേണ്ട വ്യക്തിത്വമാണ്. പാലക്കാട് ശ്രീവിശ്വേശ്വര ക്ഷേത്ര നിർമ്മാണത്തിന് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, നവതി ആചരണകമ്മിറ്റി സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, യജ്ഞ കമ്മിറ്റി കൺവീനർ സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രകാശം, യോഗം പ്രസിഡന്റ് ഡോ. എം.എൻ.സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, അസി. സെക്രട്ടറി എം.പി. അഭിലാഷ്, അജി .എസ്.ആർ.എം, കാവേരി രാമചന്ദ്രൻ, പി.സുന്ദരൻ കൊല്ലം, അഡ്വ. സിനിൽ മുണ്ടപ്പളളി, സുനിൽവള്ളിയിൽ, അനിൽ തറനിലം, ഡി.പ്രേംരാജ്, ആലുവിള അജിത്ത്, പുനലൂർ യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, പ്രസിഡന്റ് ടി.കെ.സുന്ദരേശൻ, വനിതാസംഘം പ്രസിഡന്റ് വത്സലാഗോപാലകൃഷ്ണൻ, രജനു പനയറ, അനൂപ് വെന്നികോട് തുടങ്ങിയവർ സംബന്ധിച്ചു. ആലുവ യൂണിയൻ പ്രസിഡന്റ് സന്തോഷ്, സെക്രട്ടറി രാമചന്ദ്രൻ, കൊച്ചി യൂണിയൻ പ്രസിഡന്റ് ഷൈൻ കൂട്ടുങ്കൽ, കൂത്താട്ടുകുളം പ്രസിഡന്റ് ഗോപിനാഥ്, സെക്രട്ടറി സത്യൻ എന്നിവരുടെ നേതൃത്വത്തിൽ യൂണിയൻ, ശാഖാ പ്രവർത്തകരും ഭക്തജനങ്ങളും ഇന്നലെ ശിവഗിരിയിൽ നടന്ന അഖണ്ഡനാമജപം, വിശ്വശാന്തിഹവനം, പ്രഭാഷണം എന്നിവയിൽ പങ്കെടുത്തു.
ഫോട്ടോ: ശിവഗിരിയിൽ ആചാര്യസ്മൃതി സമ്മേളനത്തിൽ സ്വാമി സച്ചിദാനന്ദ എം.പി.മൂത്തേടത്ത്, കോട്ടുകോയിക്കൽ വേലായുധൻ ദിന പ്രഭാഷണം നടത്തുന്നു.
ശിവഗിരിയിൽ ഇന്ന്:
രാവിലെ 4.30ന് പർണശാലയിൽ ശാന്തിഹവനം, 5ന് ശാരദാമഠത്തിൽ വിശേഷാൽപൂജ, 5.30ന് മഹാസമാധിയിൽ വിശേഷാൽ ഗുരുപൂജ, 5.45ന് ബ്രഹ്മവിദ്യാലയത്തിൽ ഗുരുദേവകൃതികളുടെ പാരായണം, 9ന് അഖണ്ഡനാമജപം, വിശ്വശാന്തിഹവനം, വൈകിട്ട് 3ന് ആചാര്യസ്മൃതി സമ്മേളനം.