തിരുവനന്തപുരം: കിള്ളിയാർ ശുചീകരണ പരിപാടികളുടെ ഭാഗമായി സിറ്റി മിഷൻ പുഴയറിവ് നടത്തം സംഘടിപ്പിച്ചു. മേയർ വി.കെ.പ്രശാന്ത് പരിപാടി ഉദ്ഘാടനം ചെയ്‌തു. ജഗതി ഹൈസ്‌കൂളിന് സമീപത്തുനിന്ന് ആരംഭിച്ച പുഴയറിവ് നടത്തം ജഗതി ഗൗണ്ടിൽ സമാപിച്ചു. പുഴയറിവ് നടത്തത്തിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജി.പി.എസ് അധിഷ്ഠിതമായ മാപ്പിന്റെ സഹായത്തോടെ കിള്ളിയാറിനെ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തും. ഇതിന് പരിശീലനം നൽകി വോളന്റിയർമാരെ സജ്ജമാക്കും. പ്രത്യേക മൊബൈൽ ആപ്പ്, വെബ്‌സൈറ്റ് എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. പ്രചാരണ പരിപാടികളുടെ ഭാഗമായി മിഷൻ സംഘടിപ്പിക്കുന്ന കലാജാഥയ്ക്കും ഇന്നലെ തുടക്കമായി. പൂജപ്പുര, മരുതുംകുഴി, ഇടപ്പഴിഞ്ഞി, കാഞ്ഞിരംപാറ, കവടിയാർ എന്നിവിടങ്ങളിൽ കലാജാഥാ സംഘം പരിപാടികൾ നടത്തി. ഇന്ന് വഴയിലയിൽ നിന്ന് ആരംഭിച്ച് പേരൂർക്കട, മണികണ്‌ഠേശ്വരം പാലം, ശാസ്തമംഗലം, കണ്ണേറ്റുമുക്ക് എന്നിവിടങ്ങളിലൂടെ പോപ്പുലർ ഓട്ടോമൊബൈൽസിന് സമീപം സമാപിക്കും. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി.ബാബു, മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്. പുഷ്പലത, ടൗൺപ്ലാനിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, സിനിമാനടൻ നന്ദു, വാർഡ് കൗൺസിലർമാരായ ബിന്ദു ശ്രീകുമാർ, ഡോ.ബി. വിജയലക്ഷ്മി, വിദ്യാമോഹൻ, ഷീജ മധു, എസ്. മധുസൂദനൻ നായർ, റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ, ഗ്രീൻആർമി പ്രവർത്തകർ, നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.