തിരുവനന്തപുരം: സിവിൽ സപ്ലൈസിലെ ഉദ്യോഗസ്ഥന്മാരുടെ പിരിവും റേഷൻ വെട്ടിപ്പും സംബന്ധിച്ച് 'കേരളകൗമുദി' സെപ്തംബർ 26ന് പ്രസിദ്ധീകരിച്ച 'ഇ-പോസ് വന്നിട്ടും രക്ഷയില്ല മാസപ്പടി വാങ്ങാൻ ഏജന്റുമാർ' എന്ന വാർത്തയെ തുടർന്ന് മാസപ്പിരിവിനെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടു. റേഷനിംഗ് ഇൻസ്പെക്ടർമാർ, താലൂക്ക് സപ്ളൈ ഓഫീസർമാർ, ജില്ലാ സപ്ലൈ ഓഫീസർമാർ എന്നിവർക്കു വേണ്ടി ഏജന്റുമാർ നടത്തുന്ന മാസപ്പിരിവിനെ കുറിച്ചാണ് അന്വേഷണം. സംസ്ഥാനമൊട്ടാകെ സംസ്ഥാനതല ഇൻസ്പെക്ഷൻ സ്ക്വാഡും താലൂക്കുകളിൽ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥരുമാണ് അന്വേഷണം നടത്തുക. കേരളകൗമുദി വാർത്തയെ കുറിച്ച് സർക്കാർ വിശദമായി പരിശോധിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയുമാണെന്നാണ് ഉത്തരവിൽ പറയുന്നത്.
അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയാണെന്നുമാണ് ഉത്തരവിൽ പറയുന്നത്. നെയ്യാറ്റിൻകര തലൂക്കിലെ ക്രമക്കേട് കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ട് ജോയിന്റെ സെക്രട്ടറി സാജു.എസും ഉത്തരവിറക്കി. ഇതിനൊക്കെ പുറമേ സിവിൽ സപ്ലൈസ് ഡയറക്ടർ നരസിംഹഗരി ടി.എൽ. റെഡ്ഡിയുടെ നിർദേശ പ്രകാരം മറ്റൊരു അന്വേഷണവും നടക്കുന്നുണ്ട്.
ഇ-പോസ് മെഷീൻ വന്നിട്ടും സിവിൽ സപ്ളൈസ് ഉദ്യോഗസ്ഥരുടെ മാസപ്പിരിവ് പുത്തൻവഴികളിലൂടെ തുടരുന്നതായാണ് കേരളകൗമുദി വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. റേഷൻ സാധനങ്ങൾ കൃത്യമായ അളവിൽ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനു വേണ്ടിയാണ് ഇ-പോസ് മെഷീൻ സ്ഥാപിച്ചത്. എന്നാൽ മെഷീൻ വച്ചതിനു ശേഷവും 'തങ്ങളുടെ വിഹിതം' ഒരു വിഭാഗം ഉദ്യോഗസ്ഥർ ചോദിച്ച് വാങ്ങുകയാണ്. മാസപ്പിരിവ് സംബന്ധിച്ച പരാതികൾ വകുപ്പ് മന്ത്രിയുടെ ഓഫീസിലും എത്തിയിരുന്നു.
മാസപ്പിരിവ് രീതി ഇങ്ങനെ
* ഏജന്റുമാർ മുഖേനയാണ് ഇപ്പോൾ മാസപ്പിരിവ്
*ഏജന്റുമാർ റേഷൻ വ്യാപാരികളിൽ നിന്നു പണം പിരിച്ച് ഉദ്യോഗസ്ഥരുടെ വീട്ടിൽ എത്തിക്കും.
* ഇതിന് ഏജന്റുമാർക്ക് കമ്മിഷൻ ലഭിക്കും.
* മാസപ്പടി നൽകാതിരുന്നാൽ എന്തെങ്കിലും ചെറിയ കുറ്റങ്ങൾ കണ്ടെത്തി റേഷൻ ലൈസൻസ് മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളെടുക്കും.