chengal

പാറശാല: മതിയായ ജീവനക്കാർ ഇല്ലാത്തതിനാൽ ചെങ്കൽ വില്ലേജ് ഓഫീസിന്റെ പ്രവർത്തനം പ്രതിസന്ധിയിലായി. രണ്ട് മാസത്തോളമായി വില്ലേജ് ഒാഫീസറുടെ തസ്തിക പോലും ഒഴിഞ്ഞ് കിടക്കുകയാണ്. ചെങ്കൽ പഞ്ചായത്തും നെയ്യാറ്റിൻകര നഗരസഭയുടെ കീഴിലെ ഏഴ് വാർഡുകളും ചെങ്കൽ വില്ലേജ് ഓഫീസിന്റെ പരിധിയിലാണ് വരുന്നത്. ജനസംഖ്യയിലും ഭൂവിസ്തൃതിയിലും നെയ്യാറ്റിൻകര താലൂക്കിലെ തന്നെ വലിയ വില്ലേജ് ഒാഫീസാണിത്. നൂറുകണക്കിന് പേരാണ് പ്രതിദിനം വില്ലേജ് ഒാഫീസിൽ എത്താറുള്ളത്.

ജീവനക്കാരുടെ കുറവ് കാരണം യഥാസമയം അപേക്ഷകർക്ക് സേവനങ്ങൾ നൽകാനാവുന്നില്ല. നിലവിൽ ക്ലർക്കുമാരായ മൂന്ന് പേരാണ് ഇവിടെ ഉള്ളത്. ഇവരിൽ ഒരു ക്ലർക്കിനാണ് വില്ലേജ് ഒാഫീസറുടെ താത്കാലിക ചുമതല നൽകിയിരിക്കുന്നത്. എന്നാൽ ഇയാൾക്ക് ഉത്തരവുകളിൽ ഒപ്പിടാനോ മറ്രോ ഉള്ള അധികാരമില്ല. തിരക്കുള്ള ദിവസങ്ങളിൽ തങ്ങൾ നിസഹായരാണെന്ന് ജീവനക്കാർ തന്നെ പറയുന്നു അത്യാവശ്യ സേവനങ്ങൾ പോലും ലഭിക്കുവാൻ ഇപ്പോൾ ദിവസങ്ങൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്.

വില്ലേജ് ഓഫീസർ പരിശോധിച്ച് നൽകേണ്ട ജാതി സർട്ടിഫിക്കറ്റ് അടക്കമുള്ളവ ലഭിക്കാൻ വൈകുന്നതും അപേക്ഷകരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. ചെങ്കൽ വില്ലേജ് ഓഫീസിനെ വിഭജിക്കണമെന്ന ആവശ്യം വർഷങ്ങളായ ഉയർന്നിട്ടും നടപ്പിലായിട്ടില്ല. അധികൃതരുടെ ഉപേക്ഷയാണ് ഇതിനുകാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഓഫീസിന്റെ നടത്തിപ്പിന് വില്ലേജ് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരെ എത്രയും വേഗം നിയമിക്കണമെന്നാണ് ഇവരുടെ ആവശ്യം. അടിയന്തര നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്.