killipalam

തിരുവനന്തപുരം: കിള്ളിപ്പാലം - അട്ടക്കുളങ്ങര റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതിന് 7.5 കോടിരൂപയുടെ പദ്ധതി സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടെന്ന് വി.എസ്.ശിവകുമാർ എം.എൽ.എ അറിയിച്ചു. വെള്ളക്കെട്ട് തടയുന്നതിന് ഓടയില്ലാത്ത ഭാഗങ്ങളിൽ ഓടകൾ നിർമ്മിച്ച് സ്ലാബിട്ട് നടപ്പാത നിർമ്മിച്ച് 40 സെന്റിമീറ്റർ ഉയർത്തിയുമാണ് റോഡ് നവീകരിക്കുന്നത്. നിലവിൽ പൊതുമരാമത്ത് വകുപ്പ് ഇതിനായി പ്രാഥമിക എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്.കൂടുതൽ പഠനം നടത്തി ബി.ബി.ഡി അനുസരിച്ച് റോഡ് നവീകരിക്കുന്നതിനാവശ്യമായ അന്തിമ എസ്റ്റിമേറ്റ് സമർപ്പിക്കുന്നതിന് രണ്ടുലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിന് അനുവദിച്ചതായും എം.എൽ.എ പറഞ്ഞു. അടിയന്തരമായി റോഡിന്റെ അറ്റകുറ്റപണികൾ നടത്തി താത്കാലികമായി ഗതാഗതയോഗ്യമാക്കുന്നതിന് ഏഴ് ലക്ഷംരൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. അതിനുള്ള പ്രവർത്തനങ്ങൾ കാലവർഷം കഴിഞ്ഞാലുടൻ ആരംഭിക്കുമെന്നും തൈക്കാട് - വഴുതക്കാട് റോഡിന്റെ അറ്റകുറ്റപണികൾ പുരോഗമിക്കുന്നതായും എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം അദ്ദേഹം റോഡ് സന്ദർശിച്ച്‌ സ്ഥിതിഗതികൾ വിലയിരുത്തി.