sndp
ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റും എസ്.എൻ.ഡി.പി.യോഗവും സംയുക്തമായി നടത്തുന്ന യതിപൂജയോടനുബന്ധിച്ച് കോവളം യൂണിയൻ സംഘടിപ്പിച്ച പ്രവർത്തനയോഗം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. യുണിയൻ പ്രസിഡന്റ് അഡ്വ.ജി.സുബോധൻ, സെക്രട്ടറി കോവളം ടി.എൻ സുരേഷ്, യോഗം അസി.സെക്രട്ടറി കെ. ടി.രമേഷ്, സിനിൽ മുണ്ടപ്പള്ളി, അനിൽ തറനിലം തോട്ടം കാർത്തികേയൻ തുടങ്ങിയവർ സമീപം

കോവളം: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്നും ഹിന്ദു സമൂഹത്തിന്റെ ആചാരവിശ്വാസങ്ങൾ സംരക്ഷിക്കണമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റും എസ്.എൻ.ഡി.പി യോഗവും സംയുക്തമായി നടത്തുന്ന യതിപൂജയോടനുബന്ധിച്ച് കോവളം യൂണിയൻ സംഘടിപ്പിച്ച പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എൻ.ഡി.പി യോഗം വിശ്വാസികൾക്കൊപ്പമാണ്. ഇത് ഹിന്ദു സമൂഹത്തിന്റെ മാത്രം പ്രശ്നമല്ല. നാളെ മറ്റേത് മതസ്ഥർക്കും ഇതേ പ്രശ്നം അഭിമുഖീകരിക്കേണ്ടി വന്നേക്കാം. വിധി നിർഭാഗ്യകരമാണെന്നും കൂടിയാലോചനയില്ലാതെയുള്ള സമരങ്ങൾക്ക് ഇറങ്ങാൻ കഴിയില്ലെന്നുമാണ് ഇപ്പോൾ യോഗത്തിന്റെ നിലപാട്. ജനവികാരം സർക്കാർ മാനിക്കാത്തതും പുറം തിരി‌ഞ്ഞ് നിന്നതുമാണ് സംസ്ഥാനത്തുടനീളമുള്ള പ്രതിഷേധങ്ങളുടെ ആക്കം വർദ്ധിപ്പിച്ചത്. ഈ വിഷയത്തിൽ സർക്കാർ നിലപാട് പ്രഖ്യാപിക്കണമെന്നും തുഷാർ പറഞ്ഞു. യൂണിയൻ പ്രസിഡന്റ് അഡ്വ. ജി. സുബോധൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി കെ.ടി.രമേശ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സിനിൽ മുണ്ടപ്പള്ളി, അനിൽ തറനിലം, വേണു കാരണവർ, പാങ്ങോട് ചന്ദ്രൻ, തോട്ടം കാർത്തികേയൻ, എസ്. ശശിഭൂഷൺ, കരുംകുളം പ്രസാദ്, പുത്തൻകാനം സുരേന്ദ്രൻ, പുന്നമൂട് സുധാകരൻ, മംഗലത്തുകോണം തുളസി, കട്ടച്ചൽകുഴി പ്രദീപ്, വേങ്ങപ്പൊറ്റ സനിൽ, ഗീതാമധു, സിന്ധു, വിനോദ്കുമാർ, അരുമാനൂർ ദീപു, കണ്ണൻകോട് സുരേഷ്, വി.ജി. മനോജ്കുമാർ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി കോവളം ടി.എൻ. സുരേഷ് സ്വാഗതം പറഞ്ഞു.