mla

കാട്ടാക്കട:കാട്ടാക്കട മിനി സിവിൽസ്റ്റേഷൻ അടുത്ത മാർച്ചിന് മുൻപ് തുറന്നു നൽകുമെന്ന് കെ.എസ്. ശബരീനാഥൻ എം.എൽ.എ പറഞ്ഞു. കാട്ടാക്കട പബ്ലിക്ക് മാർക്കറ്റിന് സമീപത്തെ മിനി സിവിൽസ്റ്റേഷൻ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. വാടകകെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിലാക്കുന്ന പദ്ധതിയാണിത്. കാട്ടാക്കട തഹസിൽദാർ ഷീജ ബീഗം,പി.ഡബ്ല്യു.ഡി സ്പെഷ്യൽ ബിൽഡിംഗ് എ. എക്സ്.ഇ ബിസ്‌മി മണി, എ.ഇ.സനൽകുമാർ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥ കാരണം ഇടയ്ക്കിടെ ജോലികൾക്ക് തടസം നേരിട്ടെങ്കിലും 70 ശതമാനം ജോലികളും പൂർത്തിയായി.

മാർച്ചിന് മുൻപ് തന്നെ നിലവിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസ്, സപ്ലൈ ഓഫീസ്, എംപ്ലോയ്‌മെന്റ് ഓഫീസ് തുടങ്ങിയവയും പുതുതായി വരുന്ന താലൂക്ക് സ്റ്റാറ്റിസ്റ്റിക്ക് ഓഫീസ് ഉൾപ്പടെ 15ഓളം ഓഫീസുകളും ഇവിടെ പ്രവർത്തിപ്പിക്കാനാകും. പതിനാറു കോടി രൂപ ചെലവിൽ വീഡിയോ കോൺഫറൻസ് സംവിധാനം ഉൾപ്പെടെ അത്യാധുനിക സജ്ജീകരണങ്ങൾ ഒരുക്കിയാണ് പണികൾ പുരോഗമിക്കുന്നത്.

ആറു നിലകളിലായി നടക്കുന്ന നിർമാണം അന്തിമഘട്ടത്തിലാണ്. സിവിൽ സ്റ്റേഷൻ വയറിംഗ് ജോലികൾ, ഓരോ വകുപ്പിനും ആവശ്യമായ ക്യാബിൻ നിർമ്മാണം, പെയിന്റിംഗ് എന്നിവയാണ് ബാക്കിയുള്ളത്. ഇതിൽ വയറിംഗ് ജോലികൾ പൂർത്തീകരിച്ചാൽ മറ്റു പ്രവൃത്തികൾ വേഗത്തിലാക്കാം. ആർ.ടി ഓഫീസ് ടെസ്റ്റുകൾക്കായി മൈതാനം ഒരു പ്രശ്നമായി നിലനിൽക്കുന്നുണ്ട്. കാട്ടാക്കട എം.എൽ.എ ഐ.ബി സതീഷ്, പഞ്ചായത്ത് അധികൃതർ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച ചെയ്ത് പരിഹാരം കാണുമെന്ന് ശബരീനാഥൻ പറഞ്ഞു. ഷാജി ദാസ്, സി.ആർ.ഉദയകുമാർ,സത്യദാസ് പൊന്നെടുത്ത കുഴി,കട്ടക്കോട് തങ്കച്ചൻ, എം.ആർ.ബൈജു തുടങ്ങിയവർ എം.എൽ.എയ്ക്കൊപ്പം ഉണ്ടായിരുന്നു.