kerala_government_secreta
SECTRETARY

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അസിസന്റ് പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികളെ കണക്കിലെയും സയൻസിലെയും ചോദ്യങ്ങൾ കുഴപ്പിച്ചു.കറന്റ് അഫയേഴ്സും കുറച്ച് പ്രയാസമായിരുന്നുവെന്നാണ് പൊതുവെയുള്ള അഭിപ്രായം.കണക്കിലെ ചില ചോദ്യങ്ങൾ ഏറെ പ്രയാസമായിരുന്നെന്നും ഇതിന് കൂടുതൽ സമയം വേണ്ടിവന്നെന്നുംഉദ്യോഗാർത്ഥികൾ പറയുന്നു. ഇത്തവണ സയൻസ് വിഭാഗത്തിൽ കെമസ്ട്രിയിൽ നിന്നുള്ള ചോദ്യങ്ങളായിരുന്നു അധികവും. ഐ.ടി.യിൽ ഏറെയും വളഞ്ഞവഴിയുള്ള ചോദ്യങ്ങളായിരുന്നു. എന്നാൽ ഇംഗ്ളീഷ്, മലയാളം, കേരള, ഇന്ത്യ,ഭരണഘടന തുടങ്ങിയ ഭാഗങ്ങൾ എളുപ്പമായിരുന്നു. മുൻ പരീക്ഷകളിലെ ചോദ്യപേപ്പർ മാതൃകയാക്കി പഠിച്ച് തയ്യാറെടുത്ത് വന്നവർക്ക് ഇന്നലെത്തെ പരീക്ഷ പ്രയാസമായിരുന്നു. പുതിയ രീതിയിലായിരുന്നു ചോദ്യങ്ങൾ.

പരീക്ഷാഫലം അടുത്ത വർഷം ഫെബ്രുവരിയോടെ പ്രസിദ്ധീകരിക്കുമെന്ന് പി.എസ്. സി അറിയിച്ചു. നിലവിലെ സെക്രട്ടേറിയറ്റ് റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തിവരികയാണ്. 2019 മെയിൽ ലിസ്റ്റിന്റെ കാലാവധി പൂർത്തിയാകും. അതിന് ശേഷമായിരിക്കും പുതിയ റാങ്ക് ലിസ്റ്റ് വരിക. മൂന്ന് വർഷമാണ് കാലാവധി. റാങ്ക് ലിസ്റ്റിൽ നിന്ന് 1200 മുതൽ 1500 പേർക്ക് വരെ നിയമനം കിട്ടും. കഴിഞ്ഞ വർഷമാണ് ഇതിന്റെ വിജ്ഞാപനമുണ്ടായത്. വളരെ വേഗത്തിൽ നടപടികൾ പൂർത്തിയാക്കി നൽകിയിട്ടും ആറ് ലക്ഷത്തിൽപരം അപേക്ഷകരിൽ 490633 പേർ മാത്രമാണ് പരീക്ഷയ്ക്ക് കൺഫർമേഷൻ നൽകിയത്. ഇതിൽ തന്നെ 70 ശതമാനം പേർ മാത്രമാണ് ഇന്നലെ 2400 ഓളം കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയ്ക്കെത്തിയത്.

ഐ.എ.എസ്.കേഡറിന് താഴെ കെ. എ. എസ്. എന്ന സംസ്ഥാന കേഡർ സൃഷ്ടിക്കാൻ തീരുമാനമായതിന് ശേഷം നടക്കുന്ന ആദ്യ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയാണിത്. അതുകൊണ്ട് തന്നെ മുൻ വർഷങ്ങളെ അപേക്ഷിച്ച് അപേക്ഷകർ കൂടുതലായിരുന്നു. സർക്കാർ സർവീസിൽ പെട്ടെന്ന് അണ്ടർസെക്രട്ടറി തസ്തികവരെയെത്താവുന്ന എൻട്രിലെവൽ പരീക്ഷയെന്ന നിലയിൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ ക്ളാർക്ക് തലത്തിലുള്ള നിയമനപരീക്ഷകളിൽ ഏറ്റവും പ്രാമുഖ്യമുള്ളതാണ്.