തിരുവനന്തപുരം: ഷൊർണ്ണൂർ എം.എൽ.എയും സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റംഗവുമായ പി.കെ. ശശിക്കെതിരെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റംഗമായ യുവതി നൽകിയ ലൈംഗിക ചൂഷണ പരാതിയിൽ പാർട്ടിതല തീരുമാനം നീളുന്നു. ഇന്നലെ ചേർന്ന സംസ്ഥാനകമ്മിറ്റിയും വിഷയത്തിൽ തീരുമാനമെടുക്കാതെ പിരിഞ്ഞു. മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് പോലുള്ള ഗൗരവസ്വഭാവം പരാതിക്കുണ്ടോയെന്നതിൽ പാർട്ടിക്കുള്ളിൽ രണ്ട് തരം അഭിപ്രായങ്ങളുണ്ടെന്നാണറിയുന്നത്. ഇതോടൊപ്പം ഗൂഢാലോചന സംബന്ധിച്ച ആരോപണവും പാർട്ടിയിൽ ഒരു വിഭാഗം ഉയർത്തുന്നു. അത്തരത്തിലുള്ള രേഖാമൂലമുള്ള പരാതി പാർട്ടി സംസ്ഥാനനേതൃത്വത്തിന് ലഭിച്ച സ്ഥിതിക്ക് അതിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കണമെന്നതാണ് തീരുമാനം. ശബരിമല വിവാദം കത്തിനിൽക്കുന്നതിനിടെ, അത് അടങ്ങിയ ശേഷം പീഡനപരാതി സംബന്ധിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പരിഗണിച്ചാൽ മതിയെന്ന അഭിപ്രായവുമുയർന്നു. ഇതെല്ലാം തീരുമാനം നീളുന്നതിലേക്ക് നയിക്കുന്നതായാണ് സൂചനകൾ.
സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ശബരിമല വിഷയത്തിൽ സ്ത്രീകളെ കൂടുതലായി വിശ്വാസത്തിലെടുക്കാനുള്ള നടപടികളിലേക്ക് നീങ്ങാൻ പാർട്ടി തീരുമാനിച്ചു. പാർട്ടി നടത്തുന്ന പ്രചാരണപരിപാടികളിൽ സ്ത്രീ പങ്കാളിത്തം ശക്തമാക്കാനാണ് സി.പി.എം സംസ്ഥാനസമിതിയുടെ നിർദ്ദേശം. നാളെ തിരുവനന്തപുരത്ത് ഇടതുമുന്നണി സംഘടിപ്പിക്കുന്ന പ്രചരണയോഗത്തിൽ അരലക്ഷം പേരെ അണിനിരത്തും. ജില്ലകളിൽ ഇന്ന് പ്രവർത്തകസമിതി യോഗങ്ങൾ വിളിച്ച് സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളുടെ റിപ്പോർട്ടിംഗ് നിശ്ചയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശദീകരണം നടത്തും.
സാലറി ചലഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയിൽ പോകും
സാലറി ചലഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാനസർക്കാരിനോട് സി.പി.എം സംസ്ഥാനകമ്മിറ്റി നിർദ്ദേശിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ സജീവമാക്കാനും തീരുമാനിച്ചു.