തിരുവനന്തപുരം: ആദർശത്തിനും തൊഴിലാളികളുടെ അവകാശത്തിനും വേണ്ടി പ്രവർത്തിച്ച നേതാവായിരുന്നു എസ്.വരദരാജൻ നായരെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ പറഞ്ഞു.
മുൻ കെ.പി.സി.സി പ്രസിഡന്റ് എസ്. വരദരാജൻ നായരുടെ 28-ാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹസൻ. തോട്ടിപ്പണി നിറുത്തലാക്കിയതും തൊഴിലാളികൾക്ക് നിരവധി ക്ഷേമപദ്ധതികൾ നടപ്പിലാക്കിയതും അദ്ദേഹം തിരുവനന്തപുരം മേയറായിരുന്ന സമയത്താണ്.
ശബരിമല വിഷയത്തിൽ കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണ്. മതപരമായ ആചാരങ്ങളെ മുറിവേൽപ്പിക്കരുത്. രാഷ്ട്രീയ മുതലെടുപ്പിനുള്ള ആർ.എസ്.എസിന്റെ ഗൂഢാലോചന തിരിച്ചറിയണമെന്നും ഹസൻ പറഞ്ഞു.
കേസരി ഹാളിലെ ചടങ്ങിൽ തെന്നല ബാലകൃഷ്ണപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. എം. കൃഷ്ണൻ നായർ, കാട്ടാക്കട മധു, ചെറിയാൻ വർഗീസ്, തങ്കപ്പൻ ആശാരി എന്നിവരെ ആദരിച്ചു. അഡ്വ. ആർ. രാജമോഹൻ, പിരപ്പൻകോട് സുഭാഷ്, അഡ്വ. ജി. സുബോധൻ, അഡ്വ. വി. പ്രതാപചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.