കുഴിത്തുറ : കന്യാകുമാരി ജില്ലയിലെ തക്കല കോഴിപോർവിളയിൽ വേലപ്പന്റെയും സീതാലക്ഷ്മിയുടെയും മകൻ ജഗൻ (38) പാകിസ്ഥാൻ ബോർഡറിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. മരണത്തിൽ അന്വേഷണം ആവശ്യപ്പെടുകയാണ് അവർ. 18 വർഷമായി ജഗൻ സൈനികനായി ജോലി നോക്കുകയായിരുന്നു. കഴിഞ്ഞ എട്ടാംതീയതി അതിർത്തി വെടിവെപ്പിൽ ജഗൻ മരിച്ചതായും മൃതദേഹം പത്താം തീയതി വിമാനത്തിൽ തിരുവനന്തപുരം പാങ്ങോട് ആർമി ക്യാമ്പിൽ എത്തിക്കുമെന്നും പതിനൊന്നിന് രാവിലെ 10മണിയോടെ ജഗന്റെ വീട്ടിലെത്തിക്കുമെന്നും ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാൽ അന്ത്യോപചാരമർപ്പിക്കാൻ സംസ്ഥാന സർക്കാരിന്റയൊ ജില്ലാഭരണകൂടത്തിന്റയോ പ്രതിനിധികൾ ആരുമില്ലായിരുന്നു. ഇത് ബന്ധുക്കൾക്കിടയിൽ സംശയങ്ങൾ ഉണ്ടാക്കി. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ അവർ പറഞ്ഞത് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ അല്ല ജഗൻ കൊല്ലപ്പെട്ടതെന്നും സഹ സൈനികരുമായുള്ള തർക്കത്തിൽ ജഗന് വെടിയേറ്റതെന്നുമാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് 15 ദിവസത്തിനകം ലഭിക്കുമെന്നും അതിനുവേണ്ട നടപടികൾ എടുക്കുമെന്നും പറഞ്ഞിരുന്നു. ഇതിന്മേൽ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.