കേരളത്തിന്റെ അഭിമാനമായ ആതുരകേന്ദ്രമാണ് റീജണൽ കാൻസർ സെന്റർ അഥവാ ആർ.സി.സി . ജീവിതത്തിനും മരണത്തിനുമിടയിലെ ഇരുൾ മുനമ്പുകളിൽ പതറിപ്പോയ ലക്ഷക്കണക്കിന് നിസഹായരായ രോഗികൾക്ക് ഈ സ്‌ഥാപനം വെളിച്ചത്തിന്റെ കാവൽത്തുരുത്തായിട്ട് 37വർഷങ്ങൾ...
ഇനി ആർ.സി.സി പുതിയൊരു ഘട്ടത്തിലേക്ക് ... ചരിത്രത്തിലാദ്യമായി ആർ.സി.സി ഒരു പെൺസാരഥ്യത്തെ മുറുകെപ്പിടിക്കുകയാണ്. വെല്ലുവിളികൾ, അപര്യാപ്‌തതകൾ, ഇടയ്‌ക്കെപ്പോഴോ വീണുപോയ ചില കരിനിഴലുകൾ... ചിലത് മായ്‌ക്കാനും ചിലത് വരച്ചു ചേർക്കാനുമായി ആർ.സി.സിയുടെ ചുവരുകൾ വിശാലമാകുക തന്നെ വേണം. ഇത് പുതിയ സാരഥി ഡോ. രേഖ എ. നായരുടെ ഉറപ്പാണ്.
കാൻസർ ചികിത്സാ-ഗവേഷണരംഗത്ത് 30 വർഷത്തെ അനുഭവ സമ്പത്തുണ്ട് ഡോ.രേഖയ്‌ക്ക്. രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുക മാത്രമല്ല, കാലഘട്ടത്തിനനുസൃതമായ വളർച്ചയിലേക്ക് ആർ.സി.സിയെ ഉയർത്തണം. നൂതന ചികിത്സാ - പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്ത പരിഹരിക്കണം ദൗത്യങ്ങൾ പലതാണ്.
ആദ്യ വനിതാ ഡയറക്ടർ എന്ന ഖ്യാതിയ്‌ക്ക് ഒപ്പമല്ലേ പുതിയ പദവി ?
അഭിമാനത്തോടെയാണ് ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. 23വർഷം മുമ്പ് ഇവിടെ പത്തോളജി വിഭാഗത്തിലെത്തിയ എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിത്. പിന്നിട്ട വഴികളിൽ ചെയ്ത നല്ല കാര്യങ്ങളുടെ ഫലമായി ഇതിനെ കാണാനാണ് ഇഷ്ടം. അഡീഷണൽ പ്രൊഫസർ തസ്തികയിൽ നിന്ന് ഒരാൾ ആർ.സി.സിയിലെ ഡയറക്ടർ പദവിയിലേക്ക് എത്തുമ്പോൾ അത് പലർക്കും ആത്മവിശ്വാസം പകരുമെന്ന് കരുതുന്നു. പ്രീഡിഗ്രിയ്‌ക്ക് ശേഷം 1979 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പ്രവേശനം ലഭിച്ചു. എം.ഡിയും അവിടെത്തന്നെ. 1989ൽ മെഡിക്കൽ കോളേജിൽ പത്തോളജിയിൽ അസിസ്റ്റന്റ് പ്രൊഫസറായി. 1995ലാണ് ആർ.സി.സിയിൽ എത്തുന്നത്. 39 വർഷമായി കാമ്പസിന്റെ പൾസ് അറിയാം.
ചുമതല വെല്ലുവിളി നിറഞ്ഞതാണോ?
വലിയ വെല്ലുവിളിയാണ് എന്നതിൽ തകർക്കമില്ല. അക്കാഡമിക് തലത്തിൽ മുഴുകിയിരുന്ന ഒരാൾ അഡ്മിനിസ്ട്രേഷനിലേക്ക് എത്തുന്നത് തന്നെ വെല്ലുവിളിയാണല്ലോ? പക്ഷേ കുറക്കാലത്തെ അനുഭവങ്ങൾ എനിക്ക് കരുത്താണ്. ഡയറക്ടർ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ പോലും വെല്ലുവിളിയായിരുന്നു. പല സുഹൃത്തുക്കളുടെയും സ്നേഹത്തോടെയുള്ള നിർബന്ധത്തിന് വഴങ്ങിയാണ് തസ്തികയിലേക്ക് അപേക്ഷിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രഗത്ഭർ അപേക്ഷ നൽകിയിട്ടുണ്ടെന്ന് പലരിലൂടെയും അറിഞ്ഞു. അപ്പോഴാണ് ഞാൻ സീരിയസ് ആയത്. പിന്നെ രണ്ടും കല്പിച്ച് തയ്യാറെടുത്തു. വെല്ലുവിളികളെ മറികടക്കാനാവും സർക്കാരിന്റെ പിന്തുണയും. ഇവിടുത്തെ ജീവനക്കാരുടെ പൂർണ സഹകരണവും എന്നോടൊപ്പമുണ്ട്. സാധാരണക്കാരായ രോഗികൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഇത്രയും മതി.
പിന്നിട്ട വഴികൾ പകർന്ന ഊർജ്ജത്തെക്കുറിച്ച് പറഞ്ഞല്ലോ? കടന്നുപോയ കാലം എങ്ങനെയായിരുന്നു?
ചിരിച്ചുകൊണ്ട് സംസാരിക്കാനാണ് എനിക്കിഷ്ടം. പക്ഷേ ഈ ചോദ്യത്തിന് അങ്ങനെ മറുപടി പറഞ്ഞാൽ അത് അഭിനയമാകും. വളരെയേറെ മാനസിക സംഘർഷം അനുഭവിച്ച കുറേ നാളുകളാണ് കടന്നുപോയത്. കഴിഞ്ഞ എട്ട് വർഷമായി പൂർണമായും ഒറ്റപ്പെട്ട നിലയിലായിരുന്നു എന്റെ ഔദ്യോഗിക ജീവിതം. ഡയറക്ടറായി എന്നെ നിയമിച്ചെന്ന യാഥാർത്ഥ്യം ഇവിടെയുള്ള പലർക്കും വിശ്വസിക്കാനാവില്ല. കാരണം കഴിഞ്ഞ കാലങ്ങളിൽ ആശുപത്രിക്കുള്ളിലെ ഒരു പൊതുപരിപാടിയിൽ പോലും പങ്കെടുത്തിട്ടില്ല. ആഗ്രഹമില്ലാഞ്ഞിട്ടല്ല. അതിനുള്ള അവസരം ലഭിച്ചില്ല. ആർ.സി.സിയിൽ നിലവിൽ പേറ്റന്റ് ഉള്ള ഏക വ്യക്തി ഞാനാണെന്നത് അഭിമാനമാണ്. എന്നാൽ അത് പോലും അംഗീകരിക്കപ്പെട്ടിരുന്നില്ല. അത്തരം സാഹചര്യങ്ങളിൽ സൂക്ഷ്മതയോടെ പെരുമാറിയതുകൊണ്ടാണ് ഞാനിന്നും ഇവിടെ തുടരുന്നത്. എല്ലാ ചീത്തക്കാലത്തിനും ഒരവസാനമുണ്ടെന്ന് പറയുന്നത് ശരിയാണെന്ന് എനിക്കും മനസിലായി.
ആർ.സി.സിയെ രോഗീസൗഹൃദമാക്കാൻ എന്തെല്ലാം ചെയ്യാനാവും?
ഒരുപാട് കാര്യങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കാനുണ്ട്. ഫാർമസി കൗണ്ടറുകൾക്ക് മുന്നിലെ തിരക്ക് ഒഴിവാക്കുകയാണ് ആദ്യ ലക്ഷ്യം. ഡോക്ടറെ കാണാൻ നില്ക്കുന്നതിനെക്കാൾ കൂടുതൽ സമയം രോഗികളും കൂട്ടിരിപ്പുകാരും ഫാർമസിക്കു മുന്നിൽ നില്ക്കുന്ന കാഴ്ചയാണിവിടെ. വിലക്കുറവിൽ മരുന്ന് ലഭിക്കണമെങ്കിൽ കാത്തുനില്ക്കണം എന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. എല്ലാ ബ്ലോക്കിലും കൂടുതൽ കൗണ്ടറുകൾ ആരംഭിക്കും. സ്ഥാപനം ആരംഭിച്ച സമയത്തുള്ള കിടക്കകളുടെ എണ്ണത്തിൽ ഇപ്പോഴും കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല. അതിനും മാറ്റമുണ്ടാകണം. പുതിയ ബഹുനില കെട്ടിടത്തിന്റ പണി ഉടൻ ആരംഭിക്കും. രോഗികൾക്ക് സൗകര്യപ്രദമായ തരത്തിലായിരിക്കും അത്. സർക്കാരിന്റെ എല്ലാ സൗജന്യ ചികിത്സാപദ്ധതികളുടെയും ഫലം അർഹരായവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.
രക്തദാനത്തിലൂടെ എച്ച്.ഐ.വി പകരുന്ന ഭയാനകമായ അന്തരീക്ഷം ഇവിടെ ഉണ്ടായിട്ടുണ്ട്. ആധുനിക സംവിധാനങ്ങളുടെ അപര്യാപ്ത പരിഹരിക്കുമോ?
രക്തദാനത്തിലൂടെയുള്ള എച്ച്.ഐ.വി തടയുന്നതിന് അത്യാധുനിക സംവിധാനമായ നാറ്റ് പരിശോധന (ന്യൂക്ലിക് ആസിഡ് ടെസ്റ്റ്) ആർ.സി.സിയിൽ ഉടനാരംഭിക്കും. അടുത്തിടെ ഉണ്ടായ സംഭവത്തെ തുടർന്ന് സർക്കാർ, ഉപകരണം എത്തിച്ചിട്ടുണ്ട്. ഉടൻ പരിശോധന തുടങ്ങും. ഇനി പരിപൂർണ സുരക്ഷ ഉറപ്പുവരുത്തും. ആർ.സി.സിയിലെ എല്ലാ സംവിധാനങ്ങളും പഴയതാണെന്ന അഭിപ്രായം എനിക്കില്ല. എന്നാൽ ആവശ്യങ്ങളേറെയുണ്ട് . റോബോട്ടിക് സർജറി സംവിധാനം സർജറി വിഭാഗത്തിന്റെ ഏറെക്കാലത്തെ ആവശ്യമാണ്. റേഡിയോ തെറാപ്പിയിലെ നൂതനസാങ്കേതിക വിദ്യ ഉൾപ്പെടയുള്ള കാര്യങ്ങൾ സാഹചര്യത്തിനനുസരിച്ച് പരിഗണിക്കും.
ആർ.സി.സിയുടെ രാജ്യാന്തര പ്രശസ്തി കാലാനുസൃതമായി വർദ്ധിച്ചിട്ടുണ്ടോ ?
വർഷങ്ങളായി വിദേശ കോൺഫറൻസുകളിൽ പങ്കെടുക്കുന്ന വ്യക്തിയാണ് ഞാൻ. ആർ.സി.സിയുടെ സ്ഥാപക ഡയറക്ടറായ കൃഷ്ണൻനായർ സാറിന്റെ കാലത്ത് ഉണ്ടായിരുന്ന പ്രൗഢി ഇന്നുണ്ടോയെന്നത് പരിശോധിക്കണം. കാലത്തിന്റെ മാറ്റത്തിനൊത്ത് സ്ഥാപനത്തിന് മുന്നേറാനാവണം. പൊതുസമൂഹം ആർ.സി.സിയെ മതിപ്പോടെയാണ് കാണുന്നത്. അതിനോട് നീതി പുലർത്താനാവണം.
ഇനി തിരക്ക് കൂടുമല്ലോ ? കുടുംബത്തിന്റെ പിന്തുണ ?
കുട്ടികാലം മുതൽ വീട്ടുകാർ എന്റെ ആഗ്രഹങ്ങൾക്കൊപ്പം നിന്നിട്ടുണ്ട്. നാട് ചെങ്ങന്നൂരാണെങ്കിലും പഠിച്ചതും വളർന്നതുമെല്ലാം തിരുവനന്തപുരത്താണ്. അച്ഛൻ അപ്പുക്കുട്ടൻ നായരും അമ്മ രുഗ്മിണിയും എം.ജി കോളേജിലെ പ്രൊഫസർമാരായിരുന്നു. ഭർത്താവ് ഡോ.രവികുമാർ കുറുപ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം മേധാവിയാണ്. ഏകമകൾ ഗൗരി കുറുപ്പ് ചെന്നെയിൽ എം.ബി.ബി.എസ് വിദ്യാർത്ഥിനിയാണ്. ഇവരുടെയെല്ലാം പൂർണപിന്തുണയുണ്ട്. ഏതൊരാളെയും പോലെ കുടുംബമാണ് എന്റെയും ശക്തി.