തിരുവനന്തപുരം: ലോക ട്രോമാ ദിനത്തോടനുബന്ധിച്ച് അപകടങ്ങൾക്കെതിരെ റോഡ് സുരക്ഷയുടെ സന്ദേശമുയർത്തി എസ്.പി ഫോർട്ട് ആശുപത്രിയും എസ്.പി ആദർശ് ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച സേഫത്തൺ എന്ന മിനി മാരത്തൺ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ 6ന് മാനവീയം വീഥിയിൽ നിന്ന് ആരംഭിച്ച് കവടിയാർ സ്ക്വയർ ചുറ്റി തിരികെ മാനവീയം വീഥിയിൽ അവസാനിച്ച മൂന്നു കിലോമീറ്റർ ദൈർഘ്യമുള്ള മിനി മാരത്തണിൽ രണ്ടായിരത്തിൽപ്പരം പേർ പങ്കെടുത്തു. പൊതുസമ്മേളനത്തിൽ ചലച്ചിത്രതാരം ജഗതി ശ്രീകുമാർ, ഡി.ജി.പി ലോക്‌നാഥ് ബെഹ്റ, ഫുട്ബാൾ താരം ഐ.എം. വിജയൻ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. എസ്.പി ഫോർട്ട് ആശുപത്രി സി.ഇ.ഒ പി. അശോകൻ സ്വാഗതം പറഞ്ഞു. പ്രളയകാലത്ത് രക്ഷകനായി പ്രവർത്തിക്കുകയും തുടർന്ന് റോഡപകടത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെടുകയും ചെയ്‌ത ജിനീഷ് ജെറോണിന്റെ കുടുംബത്തിന് എസ്.പി ആദർശ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രണ്ട് ലക്ഷം രൂപയുടെ ധനസഹായം ചലച്ചിത്രതാരം ജഗതി ശ്രീകുമാർ കൈമാറി. എസ്.പി ഫോർട്ട് ആശുപത്രി ചീഫ് ഓർത്തോപീഡിക് സർജൻ ചെറിയാൻ എം. തോമസ് റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ. ജോൺ പണിക്കർ, ജ്യോതിസ് സെൻട്രൽ സ്‌കൂൾ ചെയർമാൻ ജ്യോതിസ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.