കേന്ദ്ര സർക്കാരിന്റെ നടപടികൾക്ക് എണ്ണവിലയിലെ തീ കെടുത്താനായിട്ടില്ല. കൂടുതൽ ശക്തമായ നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ എണ്ണവില താമസംവിനാ നൂറിലേക്കോ, അതിന് മുകളിലേക്കോ ഒാടിക്കയറാനാണ് സാദ്ധ്യത. അങ്ങനെയായാൽ വിലക്കയറ്റം, പലിശനിരക്ക് ഉയർത്തൽ, ഉത്പാദനത്തളർച്ച, എന്നിവയാൽ ജനജീവിതം ദുസഹമാകും.
എണ്ണയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പ്രശ്നങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ചത്. മണ്ണാങ്കട്ടയും കരിയിലയും കഥയിലെപ്പോലെ ഇരട്ട ദൗർഭാഗ്യങ്ങൾ ഒരുമിച്ച് അനുഭവിക്കേണ്ടിവരുന്ന ദുരവസ്ഥയാണ് ഇന്ത്യയുടെ മേൽപതിച്ചത്. എണ്ണയുടെ (ഡോളർ)വില പറന്നും പോയി, ഡോളറുമായുള്ള രൂപയുടെ മൂല്യം അലിഞ്ഞും പോയി.
രാജ്യാന്തരക്കമ്പോളത്തിൽ എണ്ണയുടെ വില ക്വോട്ട് ചെയ്യുന്നത് ഡോളറിലാണെങ്കിലും ഇന്ത്യയ്ക്ക് വേണ്ട അസംസ്കൃത എണ്ണയുടെ 81 ശതമാനവും ഇറക്കുമതിയിലൂടെ നിർവഹിക്കേണ്ടിവരുന്ന രാജ്യത്തെ എണ്ണക്കമ്പനികൾ, വിദേശ നാണയക്കമ്പോളത്തിൽ രൂപ കൊടുത്ത് ഡോളർ വാങ്ങിക്കൂട്ടി വേണം ഇറക്കുമതി ബിൽ ഒടുക്കേണ്ടി വരുന്നത്. അതിനാൽ ക്രൂഡ് ഒായിലിന്റെ (ഡോളർ) വില ഉയർന്നുപൊങ്ങുന്ന അവസരത്തിൽ തന്നെ രൂപയുടെ മൂല്യവും ഇടിഞ്ഞുതാഴുന്നത് ഇന്ത്യയ്ക്ക് ഇരട്ടപ്രഹരമായി.
അമേരിക്കൻ പ്രസിഡന്റ് ലോകത്തെ എണ്ണ ഉത്പാദക രാഷ്ട്രങ്ങളിൽ മൂന്നാംസ്ഥാനമുള്ള ഇറാനെതിരെ ചുമത്തിയിരിക്കുന്ന ഇറക്കുമതി നിരോധനം അടുത്തമാസം മുതൽ ഇന്ത്യയിലടക്കം, നടപ്പിലാക്കേണ്ടി വരുമ്പോൾ ആഗോളതലത്തിൽ എണ്ണ ലഭ്യത ഇടിയുകയും വില വീണ്ടും ഉയരുകയും ചെയ്യും. ഇറാനിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നവരിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ആ രാജ്യം വിലയിൽ ഡിസ്‌കൗണ്ടുകൾ നൽകിവരികയായിരുന്നുവെന്നതും ഒാർക്കേണ്ടതുണ്ട്. എണ്ണയുടെ (ഡോളർ) വില വർദ്ധിക്കുന്നതിലെ നഷ്ടം, ഇന്ത്യൻ കറൻസിയുടെ മൂല്യം ഉയർത്തി നേരിടാനുള്ള സാദ്ധ്യതയും കാണുന്നില്ല.
ഒരർത്ഥത്തിൽ ഇന്ത്യയിൽ കൂടുതൽ നികുതി ചുമത്തപ്പെടുന്ന അവശ്യവസ്തു എണ്ണയാണ്. അടിസ്ഥാന വിലയുടെ നൂറ് ശതമാനമോ, അതിലധികമോ വരും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എണ്ണയ്ക്ക് മേൽ ചാർത്തിയിരിക്കുന്ന നികുതിയുടെ നിരക്ക്. ജി.എസ്.ടിയുടെ കീഴിലുള്ള ഏറ്റവും ഉയർന്ന നിരക്ക് 28 ശതമാനമായി നിജപ്പെടുത്തിയിരിക്കുന്ന സന്ദർഭത്തിലാണ് എണ്ണയുടെ നികുതി കൊടുമുടിയേറിയത്. ആഗോള എണ്ണവില ഇടിഞ്ഞുവന്ന കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാർ, 12 പ്രാവശ്യമായി എണ്ണയുടെ മേലുള്ള തീരുവ 9.20 രൂപയിൽനിന്ന് 21.98 രൂപയായി ഉയർത്തിയിരുന്നു. അതുകൊണ്ട് രാജ്യാന്തര തലത്തിൽ എണ്ണവില ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ ഒന്നരരൂപയുടെ നികുതി താഴ്ത്തൽ ഒന്നുമാകുന്നില്ല.
ലാഭം കൊയ്തുകൊണ്ടിരിക്കുന്ന എണ്ണക്കമ്പനികൾ ലാഭവിഹിതം കേന്ദ്ര സർക്കാരിൽ അടയ്ക്കുന്നതുകൊണ്ട് നികുതി ഇനിയും താഴ്ത്തുന്നതുകൊണ്ട് സർക്കാരിന് വലിയ വരുമാനനഷ്ടം സംഭവിക്കാനിടയില്ല. നികുതിനിരക്ക് കുറയ്ക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരും പങ്ക് വഹിക്കേണ്ടതുണ്ട്.
രാജ്യത്തെ എണ്ണക്കമ്പനികൾ അസംസ്കൃത എണ്ണയുടെ ഇറക്കുമതിക്ക് വേണ്ട ഡോളർ വാങ്ങിയെടുക്കുന്നത് വിദേശ നാണയക്കമ്പോളത്തിൽ നിന്നാണ്. എന്നാൽ, രൂപയുടെ മൂല്യം ഇടിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ കമ്പോള നിരക്കിനെക്കാൾ കുറഞ്ഞ നിരക്കിൽ (ഉദാഹരണം 71 രൂപ) എണ്ണക്കമ്പനികൾക്ക് വേണ്ട ഡോളർ തുകയുടെ ഒരു ഭാഗമെങ്കിലും കേന്ദ്രബാങ്കിൽ നിന്ന് വാങ്ങാൻ കേന്ദ്രം അനുമതി നൽകണം. അങ്ങനെ എണ്ണക്കമ്പനികളുടെ ഭാരം ലഘൂകരിക്കാം. അത് രാജ്യത്തെ എണ്ണവിലയിൽ പ്രതിഫലിക്കും.
വർഷങ്ങൾക്കുമുമ്പ് ഇറാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നും ഡോളറിന് പകരം രൂപകൊടുത്ത് ഇന്ത്യ ക്രൂഡ് ഒായിൽ ഇറക്കുമതി ചെയ്തിരുന്നു. പക്ഷേ, പിന്നീടത് നിലച്ചു. ഡോളറുമായുള്ള ഇന്ത്യൻ കറൻസിയുടെ മൂല്യം ഇടിഞ്ഞുവരുന്ന സാഹചര്യത്തിൽ അമേരിക്കൻ കറൻസിക്ക് പകരം രൂപ കൊടുത്ത് എണ്ണ വാങ്ങുന്ന സമ്പ്രദായം പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞാൽ രാജ്യത്തിന് ഗുണമാകും.
രാജ്യത്ത് ക്രൂഡ് ഓയിൽ ഉത്‌പാദിപ്പിക്കുന്ന ഒ.എൻ.ജി.സി അന്താരാഷ്‌ട്ര വിലയ്‌ക്കാണ് അത് എണ്ണക്കമ്പനികൾക്ക് വിൽക്കുന്നത് ; ഉത്‌പാദന ചെലവിന്റെ അടിസ്‌ഥാനത്തിലുള്ള വിലയിലല്ല. അന്താരാഷ്ട്ര വിപണിയിലെ വിലയ്‌ക്കാണ്. രാജ്യത്തിന്റെ ആവശ്യത്തിനുള്ള അസംസ്‌കൃത എണ്ണയുടെ 20 ശതമാനവും ഈ വിലയ്‌ക്ക് വിൽക്കുന്നത് ഒ.എൻ.ജിസിയുടെ ലാഭം ഉയർത്തുമെങ്കിലും പെട്രോളിന്റെയും ഡീസലിന്റെയും വില ഉയർത്താൻ കാരണമാകും.
ഇന്ത്യയിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വില നിശ്ചയിക്കാൻ അധികാരം നേടിയിട്ടുള്ള പൊതുമേഖലാ എണ്ണക്കമ്പനികൾ തുടർന്നുപോരുന്ന അശാസ്ത്രീയമായ എണ്ണവില നിർണയരീതികളും മാറേണ്ടതുണ്ട്. ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം, ഇന്ത്യൻ ഒായിൽ കോർപ്പറേഷൻ എന്നിവ ക്രൂഡ് ഒായിൽ ഇറക്കുമതി ചെയ്ത്, പെട്രോളിയം ഉത്പന്നങ്ങളായി സംസ്‌കരിച്ച്, വിറ്റഴിക്കുന്ന പൊതുമേഖലാ എണ്ണക്കമ്പനികളാണ്. ഇവരോടൊപ്പം റിലയൻസ്, എസ്സാർ, ഷെൽ എന്നീ സ്വകാര്യക്കമ്പനികളും പ്രവർത്തിക്കുന്നുണ്ടെങ്കിലും എണ്ണവില നിർണയിക്കാൻ അധികാരം നൽകിയിട്ടില്ല.
വില തീരുമാനിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള പൊതുമേഖലാ എണ്ണക്കമ്പനികൾ യഥാർത്ഥത്തിൽ ചെയ്യേണ്ടിയിരുന്നത് അവർ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയുടെ ചെലവിനോടൊപ്പം സംസ്കരണ ഗതാഗതച്ചെലവും ലാഭവിഹിതവും ചേർത്തുള്ള വില നിശ്ചയിക്കലാണ്. പക്ഷേ, ആ രീതിയല്ല അവലംബിക്കുന്നത്. കഴിഞ്ഞ 10 വർഷമായി പെട്രോളും ഡീസലും ഇറക്കുമതി ചെയ്യാത്ത രാജ്യമാണ് ഇന്ത്യ. (ഇറക്കുമതി ചെയ്യപ്പെടുന്നത് അസംസ്കൃത എണ്ണമാത്രം ) എന്നിട്ടും ഇവയുടെ ഇറക്കുമതിക്ക് കൊടുക്കേണ്ടി വരുമായിരുന്ന തുകയോടൊപ്പം, ഇറക്കുമതിച്ചുങ്കമായി അടയ്ക്കേണ്ട ചെലവും മറ്റിനങ്ങളും കൂട്ടിച്ചേർത്തുള്ള തുകയാണ് വില നിർണയത്തിന്റെ അടിസ്ഥാനമാകുന്നത്. ഇക്കാരണം കൊണ്ടാണ്, വ്യത്യസ്‌ത പ്രവർത്തന സാഹചര്യങ്ങളിൽ വർത്തിക്കുന്നവരാണ് ഇൗ മൂന്ന് എണ്ണക്കമ്പനികളെങ്കിലും അവരുടെ വിലകളെല്ലാം ഒരു പോലെയാകുന്നത്.
നിലവിലെ സമ്പ്രദായം സ്വകാര്യ എണ്ണക്കമ്പനികൾ അടക്കമുള്ള എണ്ണ സംസ്കരണ വില്പനക്കാർക്ക് ഗുണകരമാകുമെങ്കിലും അവർ തമ്മിലുള്ള മത്സരത്തിലൂടെ, എണ്ണ സംസ്കരണച്ചെലവ് പരമാവധി കുറയ്ക്കാനും, അതുവഴി എണ്ണവില കുറയാനുമുള്ള അവസരമില്ലാതാകുന്നു. എണ്ണവില നിർണയം കമ്പോളത്തിന് വിട്ടുകൊടുത്തുവെന്ന് അധികാരികൾ അവകാശപ്പെടുന്നുണ്ടെങ്കിലും ഫലത്തിൽ എണ്ണക്കമ്പനികൾക്ക് വിയർപ്പൊഴുക്കാതെ ലാഭം കൊയ്യാനുള്ള അവസരമാണിത്. കാര്യക്ഷമതയുള്ള കമ്പനികൾ തമ്മിലുള്ള മത്സരത്തിനും , യഥാർത്ഥ കണക്കുകളിലൂന്നിയുള്ള വില നിർണയത്തിനുമുള്ള സാഹചര്യത്തിനും അവസരം സൃഷ്‌ടിക്കണം. ഇതിന് ഒരു മേൽനോട്ട-റെഗുലേറ്ററി-അധികാരിയുടെ സ്ഥാപനം അനിവാര്യമാണ്.