മുടപുരം: കിഴുവിലം പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലുള്ളവരും കുടിവെള്ളത്തിനായി പരക്കം പായേണ്ട അവസ്ഥയാണ്. കഴിഞ്ഞ മൂന്നു ദിവസത്തിലേറെയായി വാട്ടർ അതോറിട്ടിയുടെ പൈപ്പിലൂടെ കുടിവെള്ളം എത്തിയിട്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇത് വഴി നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിലായി. രാത്രി 10 മണിക്ക് ശേഷമായിരിക്കും വെള്ളം പമ്പ് ചെയ്യുന്നത്. എപ്പോഴാണ് വെള്ളം വരുന്നതെന്ന് അറിയാത്തതിനാൽ രാത്രി ഉറക്കമിളച്ചിരുന്നു വേണം വെള്ളം ശേഖരിക്കാൻ. വീട്ടിൽ കിണറുമില്ല വാട്ടർ ടാങ്ക് വാങ്ങാൻ ശേഷിയുമില്ലാത്ത പാവങ്ങൾക്കാണ് ഈ ദുരിതം.
പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ പലപ്പോഴും കുടിവെള്ളം എത്താറില്ല. ഇത് കുടിവെള്ള പ്രശ്നത്തെ രൂക്ഷമാക്കുന്നു. അതിനാൽ രാത്രിയും പകലും വെള്ളം ലഭിക്കത്തക്കരീതിയിൽ രണ്ട് ദിവസത്തിലൊരിക്കൽ കിഴുവിലം പഞ്ചായത്തിൽ വാട്ടർ അതോറിട്ടി കുടിവെള്ളം എത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. രാത്രിയും പകലും വെള്ളം ലഭിക്കണമെന്നും അവർ പറയുന്നു.