atl14oa

ആ​റ്റിങ്ങൽ: വിശ്വാസിസമൂഹത്തിന്റെ ഹൃദയത്തിൽ തൊട്ടുകളിക്കരുതെന്നും ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ വിശ്വാസിയെന്ന നിലയിൽ അവസാനനിമിഷംവരെ പോരാടുമെന്നും സുരേഷ്‌ഗോപി എം.പി. പറഞ്ഞു.

എൻ.ഡി.എ. സംസ്ഥാന ചെയർമാൻ പി.എസ്.ശ്രീധരൻപിളള നയിക്കുന്ന ശബരിമല സംരക്ഷണയാത്രയുടെ തിരുവനന്തപുരം ജില്ലയിലെ തുടക്കം ആലംകോട് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ് ഗോപി.

ആചാരനുഷ്ഠാനങ്ങളുടെ നൈരന്തര്യം ഉറപ്പുവരുത്താൻ ഏതു സർക്കാരിനും ബാദ്ധ്യതയുണ്ട്. അതിനെ വ്രണപ്പെടുത്തിയപ്പോഴാണ് സ്വമേധയാ വിശ്വാസികൾ പ്രതിഷേധിക്കാൻ ഇറങ്ങിയത്. ഇത് കണ്ടില്ലെന്നു നടിക്കുന്നത് ഭരണപക്ഷത്തിന്റെ മൂഢത്വമാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി. സവർണരുടെ പാർട്ടിയാണെന്നും മറ്റും കല്ലുവച്ചനുണകൾ പ്രചരിപ്പിച്ച് ജനപിന്തുണ തകർക്കാൻ സി.പി.എം.ശ്രമിക്കുകയാണെന്ന് ജാഥാക്യാപ്റ്റൻ പി.എസ്.ശ്രീധരൻപിളള ആരോപിച്ചു. ഭിന്നിപ്പിച്ച് ഭരിക്കാനും മുതലെടുക്കാനുമുളള ശ്രമമാണത്. കഴിഞ്ഞ വർഷം മെക്കയിൽ 23 ലക്ഷവും വത്തിക്കാനിൽ 40 ലക്ഷവും തീർത്ഥാടകരെത്തിയെന്നാണ് കണക്കുകൾ. അതേസമയം ശബരിമലയിലെത്തിയത് 5.14 കോടി ഭക്തരാണ്. ലോകത്തിലെ ഏ​റ്റവും വലിയ തീർത്ഥാടനകേന്ദ്രത്തെ തകർക്കാൻ അനുവദിക്കില്ലെന്നും ശ്രീധരൻപിളള പറഞ്ഞു.

ബി.ജെ.പി. ദക്ഷിണമേഖലാ ഉപാദ്ധ്യക്ഷൻ തോട്ടയ്ക്കാട് ശശി അദ്ധ്യക്ഷത വഹിച്ചു ജില്ലാപ്രസിഡന്റ് സുരേഷ്, മണ്ഡലം പ്രസിഡന്റ് മണമ്പൂർദിലീപ്, രാധാകൃഷ്ണൻ, കെ.സുരേന്ദ്രൻ, ഗണേശ്, പി.പി.വാവ, ശിവരാജൻ, പി.എം.വേലായുധൻ, രാജിപ്രസാദ്, രേണുസുരേഷ്, വെള്ളയാംകുളം പരമേശ്വരൻ, കെ.കെ.പൊന്നപ്പൻ, ജെ.ആർ.പദ്മകുമാർ എന്നിവർ സംസാരിച്ചു.

രാവിലെ 11.30ന് ഇവിടെ നിന്നു തുടങ്ങിയ പദയാത്ര ഉച്ചയ്ക്ക് ഒരു മണിയോടെ ആറ്റിങ്ങൽ മൂന്നുമുക്കിൽ സമാപിച്ചു. ഉച്ചയ്ക്ക് ശേഷം കണിയാപുരം തോന്നൽദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച യാത്ര വൈകിട്ട് കഴക്കൂട്ടത്ത് സമാപിച്ചു.