മലയിൻകീഴ്: വഴിനടക്കാൻ പോലും കഴിയാത്തവിധം തെരുവുനായ്ക്കൾ. കൂട്ടാമായെത്തുന്ന നായ്ക്കളുടെ കടിയേൽക്കാതെ രക്ഷപെടുന്നവർ ചുരുക്കമാണ്. ഇതാണ് ഇവിടുത്തെ ഗ്രാമങ്ങളുടെ അവസ്ഥ. മലയിൻകീഴ്, വിളപ്പിൽ, വിളവൂർക്കൽ, മാറനല്ലൂർ, തുടങ്ങിയ പഞ്ചായത്തുകളിൽ നായ്ക്കൾ പെറ്റുപെരുകി ഓരോ പ്രദേശവും കൈയ്യടക്കിയിരിക്കുകയാണ്. രാത്രിയും പകലും അടഞ്ഞുകിടക്കുന്ന കടകൾക്ക് മുന്നിലും റോഡ് വക്കിലും വാസമുറപ്പിച്ചിരിക്കുകയാണ് ഇവർ. കാൽനടയാത്രക്കാർക്ക് ഈവഴി നടക്കാൻ കഴിയാറില്ല.

കഴിഞ്ഞദിവസം സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ അലകുന്നം- പേയാട് റോഡിൽ തെരുവ്നായ്ക്കൾ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. കുട്ടിയുടെ നിലവിളകേട്ട് ഓടികൂടിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. തുർന്ന് വിളപ്പിൽ പഞ്ചായത്തിൽ പരാതിനൽകുകയും ചെയ്തു. നായ്ക്കളുടെ കടിയേറ്റ് നിരവധി പേർ നിത്യേന ചികിൽസതേടി സർക്കാർ ആശുപത്രികളിൽ എത്തുന്നുണ്ട്.ഇവർക്ക് വേണ്ടുന്ന കുത്തിവയ്പ്പിനുള്ള മരുന്നില്ലാതെ മറ്റ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ് പലരും. എന്നാൽ ചികിത്സ നൽകി ജനറൽ, മെഡിക്കൽ കോളേജ് ആശുപത്രികളിലും പോകുന്നവരുമുണ്ട്.തെരുവ് നായ്ക്കളുടെ ശല്യത്തിന് അടിന്തിര പ്രാധാന്യം നൽകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

വിദ്യാർത്ഥികൾ ഭീതിയിൽ

തെരുവുനായ്ക്കൾ പെരുകുന്നതിന്റെ പ്രധാന കാരണം മാലിന്യങ്ങളാണ്. വഴിയരികിൽ ഉപേക്ഷിക്കുന്ന മാലിന്യത്തിൽ നിന്നും ഭക്ഷണ അവശിഷ്ടങ്ങൾ കടിച്ചെടുത്ത് ഓടുന്ന നായ്ക്കൾ യാത്രക്കാരെ അപകടത്തിൽ ആക്കാൻ കാരണമാകാറുണ്ട്. സ്കൂൾ വിടുന്ന സമയങ്ങളിൽ പരക്കംപായുന്ന തെരുവ്നായ്ക്കളുടെ ആക്രമണത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. പള്ളിമുക്കിൽ ബസ് കാത്ത് നിന്നവരുടെ ഇടയിലേക്കെത്തിയ തെരുവ് നായ നിരവധിപേരെ കടിച്ച് പരിക്കേല്പിച്ചിരുന്നു.

വിഹാര കേന്ദ്രങ്ങൾ

1.പേയാട് 2. പള്ളിമുക്ക് 3. മാർക്കറ്റ് ജംഗ്ഷൻ 4. പേയാട്- വിളപ്പിൽശാല 5. മലയിൻകീഴ് ക്ഷേത്ര ജംഗ്ഷൻ 6. ഗവ.എൽ.പി.ബി.എസ് 7. ഊരൂട്ടംമ്പലം റോഡ്, 8.പാപ്പനംകോട് റോഡ്, 9 ശാന്തമൂല, 10 പാലോട്ടുവിള 11 മലയിൻകീഴ് മാർക്കറ്റ്

ആവശ്യം ശക്തം

തെരുവ് നായ്ശല്യം ഇല്ലാതാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തെരുവ്നായ്ക്കളെ വന്ധ്യംകരിക്കുന്ന നടപടികൾ വിജയം കാണാത്തതാണ് വീണ്ടും നായ്ശല്യം വർദ്ധിക്കാൻ പ്രധാനകാരണമെന്നും ആക്ഷേപമുണ്ട്. നായ്ക്കളെ കൊല്ലാതെതന്നെ ജനങ്ങളുടെ സ്വൗര്യ ജീവിതത്തിന് തടസ്സമുണ്ടാകാത്ത വിധം പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.