കല്ലമ്പലം: അനിയന്ത്രിതമായ ഈച്ച ശല്യം സഹിക്കാനാവാതെ വീടുവിട്ട് പോകേണ്ട അവസ്ഥയിലാണ് നാവായിക്കുളം പഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെട്ട വള്ളിച്ചിറയിലെ നിരവധി കുടുംബങ്ങൾ. ഭീഷണിയായി വീടുകളിലും പരിസരത്തും അനുദിനം ഈച്ചകൾ പെരുകിക്കൊണ്ടിരിക്കുമ്പോൾ ഇതിന്റെ ഉപദ്രവത്തിൽ നിന്നും മോചനം നേടാനുള്ള വഴി ആലോചിക്കുകയാണ് പ്രദേശവാസികൾ. ആയിരക്കണക്കിന് ഈച്ചകളാണ് ഓരോ വീടുകളിലും എത്തുന്നത്. ആഹാരസാധനങ്ങളിലും മറ്റും ഈച്ചകൾ വന്നിരിക്കുന്നതിനാൽ ഇതിനെ ആട്ടിപായിച്ചു വേണം ഭക്ഷണം കഴിക്കാൻ. കുട്ടികൾക്ക് പകർച്ചവ്യാധികൾ പിടിപെടുമോയെന്ന ഭീതിയിലാണ് പ്രദേശവാസികൾ. പ്രദേശത്ത് അനധികൃത കോഴി ഫാം പ്രവർത്തിക്കുന്നുണ്ടെന്നും ഇവിടുത്തെ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നില്ലെന്നും ഇതാകാം ഈച്ച പെരുകാനുള്ള കാരണമെന്ന് സംശയിക്കുന്നതായും പ്രദേശവാസിയായ അബ്ദുൽസത്താർ പറഞ്ഞു. അബ്ദുൽ സത്താർ ഇതു സംബന്ധിച്ച് നാവായിക്കുളം ഹെൽത്ത് സെന്ററിലും പഞ്ചായത്തിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ ഉന്നതാധികാരികൾക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.