തിരുവനന്തപുരം: ശബരിമലയിൽ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി മറികടക്കാൻ സംസ്ഥാനസർക്കാർ ഒാർഡിനൻസ് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും സംഘപരിവാറും സംസ്ഥാനത്ത് ശക്തമായ പ്രക്ഷോഭം തുടരവേ, ബി.ജെ.പി.ഭരിക്കുന്ന കേന്ദ്രത്തിനും ഒാർഡിനൻസ് ഇറക്കാമെന്ന വാദവുമായി സംഘപരിവാർ നേതാവായ പ്രവീൺകുമാർ തൊഗാഡിയ രംഗത്തെത്തി.
ശബരിമല സംരക്ഷണസമിതിയുടെ നേതൃത്വത്തിലുള്ള രക്ഷായാത്രയുടെ സമാപന സമ്മേളനം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അന്തർദേശീയ ഹിന്ദു പരിഷത്ത് ദേശീയ വർക്കിംഗ് പ്രസിഡന്റ് തൊഗാഡിയ.
മുസ്ളീം സമുദായത്തിലെ മുത്തലാക്കിനെതിരെ ഒാർഡിനൻസ് കൊണ്ടുവരാമെങ്കിൽ, ശബരിമല പ്രശ്നത്തിലും സുപ്രീംകോടതി വിധി മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒാർഡിനൻസ് കൊണ്ടുവരാൻ കഴിയും. ഹിന്ദുതാൽപര്യം സംരക്ഷിക്കുമെന്ന ഉറപ്പ് നൽകിയാണ് മോദി അധികാരത്തിലെത്തിയത്. ശബരിമല പ്രശ്നത്തിൽ ഒാർഡിനൻസ് കൊണ്ടുവരാൻ അദ്ദേഹത്തിനായില്ലെങ്കിൽ മോദിയും ഹിന്ദുവിരുദ്ധനാണെന്ന് പറയേണ്ടിവരും.തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് പ്രശ്നത്തിൽ ജനകീയ പ്രതിഷേധം കണക്കിലെടുത്ത് പുതിയ നിയമനിർമ്മാണം നടത്തിയ കീഴ് വഴക്കമുണ്ട്.
സംസ്ഥാനത്തെ ഹിന്ദുക്ഷേത്രങ്ങൾ വിശ്വാസികളെ ഏല്പിക്കണമെന്നാണ് 1983-ൽ സർക്കാർ നിയോഗിച്ച ശങ്കരൻനായർ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശ. ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികൾക്ക് വിട്ടുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തിരുപ്പതിയും വൈഷ്ണോദേവിയും സിദ്ധിവിനായകും ഉൾപ്പെടെ ഒരുലക്ഷത്തോളം ക്ഷേത്രങ്ങളെയാണ് വിവിധ സർക്കാരുകൾ കയ്യടക്കിവെച്ചിരിക്കുന്നത്. അരലക്ഷം കോടിരൂപയാണ് പ്രതിവർഷം കാണിക്കായായി മാത്രം കിട്ടുന്നത്. ക്ഷേത്രഭരണത്തിന് സർക്കാർ നിയന്ത്രണം വേണ്ടെന്നും കോടതി നിയന്ത്രണമാകാമെന്നും അദ്ദേഹം പറഞ്ഞു.
യാത്ര ദേവസ്വംബോർഡ് ജംഗ്ഷനിൽ പൊലീസ് തടഞ്ഞു. തുടർന്ന് യാത്രയുടെ സമാപനസമ്മേളനം പ്രവീൺ തൊഗാഡിയ ഉദ്ഘാടനം ചെയ്തു. ഇന്ന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് വിശ്വാസികൾക്ക് അനുകൂലമായ നിലപാട് കൈക്കൊള്ളാൻ ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
നാലാഞ്ചിറ മുതൽ നന്തൻകോടുവരെയുള്ള കാൽനടയാത്രയിൽ തൊഗാഡിയ പങ്കെടുത്തു. പന്തളം കൊട്ടാരത്തിൽ നിന്ന് 11നാണ് യാത്ര ആരംഭിച്ചത്. സ്ത്രീകളടക്കം നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു. സമാപനയോഗത്തിൽ സ്വാധി പ്രാചി, ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥൻ, കൃഷ്ണരാജ് എന്നിവരും പ്രസംഗിച്ചു.