a-v-asokan
Sivagiri photo

ശിവഗിരി: അരുവിപ്പുറം പ്രതിഷ്ഠ കേവലം ഒരു വിഗ്രഹപ്രതിഷ്ഠ മാത്രമല്ലെന്നും ഒരു വലിയ ജനവിഭാഗത്തിന്റെ ആത്മാഭിമാനത്തിന്റെ വീണ്ടെടുപ്പായിരുന്നെന്നും എ.വി.അശോകൻ (വൈക്കം) പറഞ്ഞു. ശിവഗിരിയിൽ ആചാര്യസ്മതി സമ്മേളനത്തിൽ ഗുരുവിന്റെ ക്ഷേത്രസങ്കല്പം അരുവിപ്പുറം പ്രതിഷ്ഠയുടെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ നവോത്ഥാനത്തിൽ ദക്ഷിണേന്ത്യയിലെ ആദ്യ ദീപശിഖയായിട്ടാണ് അരുവിപ്പുറം പ്രതിഷ്ഠയെ വിലയിരുത്തിയിട്ടുളളത്. ഗുരുവിന്റെ യോഗശക്തിയുടെ പ്രകടനമായിരുന്നു ആ പ്രതിഷ്ഠ. നെയ്യാറിലെ ശങ്കരൻകുഴി എന്ന കയത്തിന്റെ അഗാധതയിൽ ഏറെനേരം മുങ്ങി ധ്യാനനിമഗ്നനായശേഷം പ്രതിഷ്ഠിക്കുവാനുളള ശിലയുമായി ഗുരുദേവൻ ഉയർന്നുവരുകയായിരുന്നു. ഗുരുവിന്റെ കണ്ണുകളിൽ നിന്നു കണ്ണീർ ധാരയായി പ്രവഹിക്കുന്നുണ്ടായിരുന്നു. ആ പ്രതിഷ്ഠയുടെ ആദ്യത്തെ അഭിഷേകം മഹാഗുരുവിന്റെ മിഴിനീർ മുത്തുകളായിരുന്നു. ഏവരും സോദരത്വേന വാഴുന്ന മാതൃകാലോകത്തിന്റെ ആധാരശിലകൂടിയാണ് ഗുരുദേവൻ അരുവിപ്പുറത്ത് പ്രതിഷ്ഠിച്ചതെന്നും അശോകൻ പറഞ്ഞു.

ഗുരുദേവന്റെ ഓരോ പ്രതിഷ്ഠയും മനുഷ്യജീവിതത്തിന്റെ ഘട്ടംഘട്ടമായ പുരോഗതിയുടെ ചൂണ്ടു പലകകളാണെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. അരുവിപ്പുറത്ത് ശിലയെ ശിവലിംഗമായി പ്രതിഷ്ഠിച്ച ഗുരുദേവൻ ഒടുവിൽ കണ്ണാടി പ്രതിഷ്ഠിച്ചു. കഠിനഹൃദയനായ മനുഷ്യനെ കണ്ണാടി പോലെ തിളമുള്ളതാക്കിയാൽ ഓംകാര സ്വരൂപമായ ദൈവമാക്കി മാറ്റാമെന്ന ദർശനമാണ് ഗുരുദേവൻ ഇതുവഴി ലോകത്തിന് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

ശിവഗിരിയിൽ ഗുരുദേവ നവതി ആചരണോടനുബന്ധിച്ച് നടക്കുന്നത് പുതിയൊരു ശ്രീനാരായണയുഗത്തിന്റെ പിറവി കൂടിയാണെന്ന് എസ് .എൻ .ഡി. പി യോഗം കൗൺസിലർ ഷീബ ടീച്ചർ പറഞ്ഞു.

ധർമ്മസംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, നവതിആചരണകമ്മിറ്റി സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, യജ്ഞകമ്മിറ്റി കൺവീനർ സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രകാശം, യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, വന്ദനശ്രീകുമാർ, കെ.പത്മകുമാർ, സുന്ദരേശൻ പത്തനംതിട്ട, അനിൽ തറനിലം, അഡ്വ. സിനിൽ മുണ്ടപ്പളളി, സുനിൽ വള്ളിയിൽ, അജി എസ്.ആർ.എം, സജീവ് കല്ലട, വിജീഷ് മേടയിൽ സജി എസ്.ആർ.എം, ഡി.പ്രേംരാജ്, ആലുവിള അജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.

യോഗം നോർത്ത് പറവൂർ യൂണിയൻ പ്രസി‌ഡന്റ് രാധാകൃഷ്ണൻ, സെക്രട്ടറി ഹരിവിജയൻ, കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, യോഗം കൗൺസിലർ സി.വി.വിജയൻ, ബോർഡ് മെമ്പർ ജയരാജ്, യോഗം അസിസ്റ്റന്റ് സെക്രട്ടറി എം.പി.അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ ​ യൂണിയൻ, ശാഖാ പ്രവർത്തകരും ഭക്തജനങ്ങളും ഞായറാഴ്ച ചടങ്ങുകളിൽ പങ്കെടുത്തു.

ഫോട്ടോ: ശിവഗിരിയിൽ ആചാര്യസ്മതി സമ്മേളനത്തിൽ ഗുരുവിന്റെ ക്ഷേത്രസങ്കല്പം അരുവിപ്പുറം പ്രതിഷ്ഠയുടെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ എ.വി.അശോകൻ സംസാരിക്കുന്നു. ബാബു, ഹരിവിജയൻ, സ്വാമി സച്ചിദാനന്ദ, ഷീബടീച്ചർ, എം.പി.അഭിലാഷ്, മഹാരാജ ശിവാനന്ദൻ, ബാബുരാജ് എന്നിവർ സമീപം.

ശിവഗിരിയിൽ ഇന്ന്: രാവിലെ 4.30ന് പർണ്ണശാലയിൽ ശാന്തിഹവനം, 5ന് ശാരദാമഠത്തിൽ വിശേഷാൽ പൂജ, 5.30ന് മഹാസമാധിയിൽ വിശേഷാൽ ഗുരുപൂജ, 5.45ന് ബ്രഹ്മവിദ്യാലയത്തിൽ ഗുരുദേവ കൃതികളുടെ പാരായണം, 9ന് അഖണ്ഡനാമജപം, വിശ്വശാന്തിഹവനം, വൈകുന്നേരം 3ന് ആചാര്യസ്മൃതി സമ്മേളനം.