ചിറയിൻകീഴ്: കൃഷിയില്ലാതെ തരിശുകിടന്ന ചിറയിൻകീഴ് മേൽകടയ്‌ക്കാവൂർ പഴഞ്ചിറ പാടശേഖരത്തിന് ശാപമോക്ഷം. വർഷങ്ങളായി തരിശായിക്കിടന്ന 40 ഹെക്ടർ പാടശേഖരം പൊന്നുവിളയിക്കാൻ തയ്യാറെടുക്കുകയാണ്. ചിറയിൻകീഴ് സർവീസ് സഹകരണ സംഘവും മേൽകടയ്‌ക്കാവൂർ ക്ഷീരവ്യവസായ സഹകരണ സംഘവും സംയുക്തമായാണ് കൃഷി ഇറക്കുക. ഇതിനായി കർഷകരിൽ നിന്ന് സമ്മത പത്രം വാങ്ങിക്കഴിഞ്ഞു. പാടശേഖര സമിതിയും രൂപീകരിച്ചു. ഇതിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. കൂട്ടായ പരിശ്രമത്തിലൂടെ നൂറുമേനി കൊയ്യുകയാണ് ലക്ഷ്യം.
ഒരുകാലത്ത് കൊയ്‌ത്തിന്റെ വിളനിലമായിരുന്നു ഇവിടം. വർഷത്തിൽ മൂന്നു തവണ വരെ വിളവെടുപ്പ് നടന്നിരുന്നു. 130ഓളം കർഷകരാണ് ഇവിടെ കൃഷി ചെയ്ത് ജീവനോപാധി കണ്ടെത്തിയിരുന്നത്. ഭൂമി സ്വന്തമായുള്ള കൃഷിക്കാർ പിന്മാറിയതോടെ ഇവിടെ തരിശായി മാറുകയായിരുന്നു. സമീപത്തെ പഴഞ്ചിറയിൽ നിന്നുള്ള വെള്ളമാണ് ഇവിടെ കൃഷിക്കായി ഉപയോഗിച്ചിരുന്നത്. ഇതിനോട് ചേർന്ന് ഒരു പമ്പ് ഹൗസും ഉണ്ടായിരുന്നു. എന്നാൽ പമ്പ് മോഷണം പോയതോടെ പാടശേഖരത്തിലേയ്‌ക്ക് വെള്ളം തെളിച്ചുവിടാൻ മാർഗമില്ലാതാവുകയും കൃഷി മുടങ്ങുകയും ചെയ്തു.
തടസമായി ജലദൗർലഭ്യം
ജലസേചന സൗകര്യത്തിന്റെ അപര്യാപ്‌തയാണ് നിലവിലെ പ്രശ്നം. ഇത് പരിഹരിക്കുന്നതിനായി സമീപത്തെ പ്രധാന തോടുകളും ചെറിയ തോടുകളും വൃത്തിയാക്കാൻ തുടങ്ങിയിട്ടുണ്ട്. കൃഷിക്ക് നിലമൊരുക്കുന്നതിനായി നിലം ഉഴൽ പ്രക്രിയയും ആരംഭിച്ചു. വളത്തിനായി മിൽകോ ഫാമിൽ നിന്നുള്ള ചാണകം ഉപയോഗിക്കും.
ജനപ്രതിനിധികൾ സന്ദർശിച്ചു
കൃഷിയിറക്കലിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന, ചിറയിൻകീഴ് സർവീസ് സഹകരണ സംഘം പ്രസിഡന്റ് ജി. ചന്ദ്രശേഖരൻ നായർ, സെക്രട്ടറി അനിൽകുമാർ, മിൽകോ പ്രസിഡന്റ് പഞ്ചമം സുരേഷ്, സെക്രട്ടറി ആർ. അനിൽകുമാർ, കൃഷി ഓഫീസർ അനുരാജൻ, കൃഷി അസിസ്റ്റന്റ് ജെ.എസ്. രാജേശ്വരി, ഗോപാലകൃഷ്ണൻ നായർ, രാജൻ ഇരുപറ എന്നിവർ പാടശേഖരം സന്ദർശിച്ചു.