വെള്ളറട: പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപനത്തിലുണ്ടെങ്കിലും വ്യാപകമായി പ്ലാസ്റ്രിക് ക്യാരിബാഗുകൾ ഉപയോഗിക്കുന്നതായി പരാതി. മലയോരമേഖലയിലെ മിക്ക പഞ്ചായത്തുകളിലും പ്ലാസ്റ്രിക് ക്യാരിബാഗുകളുടെയും പ്ലാസ്റ്റിക് പ്ലേറ്റുകളുടെയും ഉപയോഗം നിരോധിച്ചുകൊണ്ട് ഉത്തരവുകൾ ഇറക്കുകയും ബോധവത്കരണ സെമിനാറകൾ നടത്തുകയും ചെയ്തിട്ടും പ്ലാസ്റ്റികിന്റെ ഉപയോഗത്തിൽ യാതോരു കുറവുമില്ല. മിക്ക ഹോട്ടലുകളിൽ ഇപ്പോഴും ചൂടുള്ള ഭക്ഷണങ്ങൾ പ്ലാസ്റ്റിക് കവറുകളിലും പ്ലാസറ്റിക് പേപ്പറുകളിലും പാഴ്സൽ ചെയ്ത് കൊടുക്കാറുണ്ട്. നിയന്ത്രണം പ്രഖ്യാപിച്ചിട്ടും നടപ്പിലാക്കാൻ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ നടപടികൾ ഉണ്ടാകാത്തതാണ് ഇതിന് കാരണം. ഇതോടെ ഗ്രാമങ്ങളിൽ നിന്നും പ്ളാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിച്ചാൽ മാത്രമേ കഴിയുകയുള്ളു. ഇപ്പോഴും ഗ്രാമങ്ങൾ പ്ളാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നിറയുകയാണ്. രാത്രി കാലങ്ങളിൽ ദൂരസ്ഥലങ്ങളിൽ നിന്നുപോലും ഗ്രാമങ്ങളിലെ റോഡു വക്കുകളിൽ വ്യാപകമായാണ് പ്ളാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുവന്ന് നിക്ഷേപിക്കുന്നത്. ഇതിൽ നിന്നും മോചനമില്ലാതെ ഗ്രാമങ്ങൾ പ്ളാസ്റ്റിക് നിക്ഷേപ കേന്ദ്രങ്ങളായി മാറുകയാണ്. നിരോധനം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയത് കച്ചവടക്കാർക്ക് ഏറെ ഗുണകരമായി. തുടർ നടപടികൾ സ്വീകരിക്കേണ്ടവർ ഇതൊന്നും കാണുന്നുമില്ല.