തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിധിയിൽ സംഘപരിവാറും കോൺഗ്രസും നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് നീക്കങ്ങളെ തടയാനും സർക്കാർ നിലപാടിന്റെ നിജസ്ഥിതി ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിനുമായി സി.പി.എം നവംബർ ആദ്യം നിയോജകമണ്ഡലാടിസ്ഥാത്തിൽ കാൽനട പ്രചാരണ ജാഥകൾ നടത്തും. രണ്ട് മാസം നീളുന്ന പ്രചാരണ പരിപാടികളാണ് സംഘടിപ്പിക്കുക. കോടതിവിധി ശരിയായ രീതിയിൽ പഠിച്ചശേഷം മാത്രമേ ജനങ്ങളെ സമീപിക്കാവൂവെന്ന് ഇന്നലെ തിരുവനന്തപുരത്ത് നടന്ന ജില്ലാതല റിപ്പോർട്ടിംഗിൽ പാർട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്‌ണൻ നിർദ്ദേശിച്ചിരുന്നു. ഇക്കാര്യത്തിൽ ആരെയും പ്രകോപിപ്പിക്കരുത്. എന്നാൽ വസ്തുത ബോദ്ധ്യപ്പെടുത്തുകയും വേണം. വിധിയുടെ മറവിൽ ആർ.എസ്.എസും സംഘപരിവാറും രണ്ടാം വിമോചനസമരത്തിന് കോപ്പുകൂട്ടുകയാണ്. ഇതിനെതിരെ ജാഗ്രതവേണമെന്നും കൊടിയേരി നിർദേശിച്ചു. 14 ജില്ലകളിലും ഇന്നലെ റിപ്പോർട്ടിംഗ് നടന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളാണ് മറ്റുജില്ലകളിൽ റിപ്പോർട്ടിംഗ് നടത്തിയത്. ബ്രാഞ്ച് സെക്രട്ടറിമാർ വരെയുള്ളവരാണ് റിപ്പോർട്ടിംഗിൽ പങ്കെടുത്തത്.