toilet

ചിറയിൻകീഴ്: നാല് റോഡുകളുടെ സംഗമസ്ഥലവും ചിറയിൻകീഴിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രവുമായ വലിയകട ജംഗ്ഷനിൽ പബ്ലിക് ടോയ്ലറ്റ് വേണമെന്ന ആവശ്യം ശക്തമാകുന്നു. ചിറയിൻകീഴ് ടൗൺ എന്നറിയപ്പെടുന്ന വലിയകട കേന്ദ്രീകരിച്ചാണ് ചന്തയും ബാങ്കുകളും സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലധികവും പ്രവർത്തിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങൾക്കായി നിത്യേനെ ഇവിടെ എത്തുന്നത്. ഇവരിൽ പലരും പ്രാഥമിക ആവശ്യത്തിനുള്ള സൗകര്യം പോലും ഇല്ലാത്തതിനാൽ വളരെയധികം ബുദ്ധിമുട്ടുകയാണ്. ചിറയിൻകീഴ്, അഴൂർ ഗ്രാമപഞ്ചായത്തുകളിൽ നിന്നു ആറ്റിങ്ങലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളും വലിയകട ജംഗ്ഷൻ വഴിയാണ് പോകാറ്. പുരുഷന്മാരെക്കാൾ സ്ത്രീകളാണ് ഇത്തരം പ്രശ്നങ്ങളിൽ ഏറെ ക്ലേശം അനുഭവിക്കുന്നത്. പലപ്പോഴും ഇവർക്ക് സമീപത്തെ വീടുകളെയോ മറ്റു സ്ഥാപനങ്ങളെയോ ആവും ആശ്രയിക്കേണ്ടി വരുന്നത്. മാത്രമല്ല ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പല കച്ചവടക്കാരും ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്. ആണുങ്ങളിൽ പലരും ആളൊഴിഞ്ഞ ഇട റോഡുകളിലും മറ്റിടങ്ങളിലും പോയാണ് മൂത്രശങ്ക മാറ്റുന്നത്. വലിയകട കേന്ദ്രീകരിച്ച് കംഫർട്ട് സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാകുമ്പോഴും അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണ്. അഴൂർ കടവ് പാലം, പെരുമാതുറ - താഴം പള്ളി പാലം, ശാർക്കര - മഞ്ചാടിമൂട് ബൈപ്പാസ് എന്നിവ യാഥാർത്ഥ്യമായതോടെ വലിയകടയിലെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്. ചിറയിൻകീഴ് മേൽപ്പാലം യാഥാർത്ഥ്യമാകുന്നതോടെ തിരക്ക് ഇനിയും പതിന്മടങ്ങ് വർദ്ധിക്കും. ജനത്തിരക്ക് വർദ്ധിക്കുന്നതിന് അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

നിരവധി അളുകളാണ് നിത്യേന ഇവിടെ എത്തുന്നത്

കാൽടയാത്രക്കാരും വിദ്യാർത്ഥികളും ഒരുപോലെ ബുദ്ധിമുട്ടിലാണ്

സ്ത്രീകളാണ് ഏറെ ദുരിതമനുഭവിക്കുന്നത്

വ്യാപാര സ്ഥാപനങ്ങളിലുള്ളവരും ഏറെ ബുദ്ധിമുട്ടിലാണ്

ചിറയിൻകീഴ് മേൽപ്പാലം വരുന്നതോടെ തിരക്ക് വർദ്ധിക്കാനാണ് സാദ്ധ്യത