raman
ചെറുവയൽ രാമൻ ദുബായ് റാഷിദ് ആശുപത്രിയിൽ. സമീപം മകൻ രാജേഷ്

ദുബായ്: നിലച്ചുപോയ ഹൃദയം വീണ്ടും മിടിച്ചുതുടങ്ങിയപ്പോൾ രാമേട്ടന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. മിഴി തുറന്നപ്പോൾ അരികിൽ മകൻ. യു.എ.ഇയിലെ ഏറ്റവും മികച്ച ദുബായ് റാഷിദ് ആശുപത്രിയിലാണ്‌ കേരളത്തിലെ പരമ്പരാഗത നെൽവിത്തുകളുടെയും ജൈവകൃഷിയുടെയും 'കാവലാൾ' ചെറുവയൽ രാമൻ. ''ഒരു പ്രതീക്ഷയും വേണ്ട, അവസാന ഘട്ടത്തിലാണ്. ഹാർട്ട്ബീറ്റ് 9ലേക്ക് താണു. 99 ശതമാനം ഗുരുതരമാണ്. പരിശ്രമിക്കാം.''- ഇതായിരുന്നു രാമനെ ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടറുടെ ആദ്യ പ്രതികരണം. രക്തധമനികളിലെ രണ്ട് മേജർ ബ്ലോക്കുകൾ കാരണമുണ്ടായ ഹൃദയാഘാതത്തെ മറികടന്ന് ഇന്നലെ രാമൻ നാടൻ ഭക്ഷണം കഴിച്ചു.

അജ്മാനിലെ ഹാബിറ്റാറ്റ് സ്കൂളിൽ കുട്ടികളെ നാടൻകൃഷിരീതികൾ പഠിപ്പിക്കാനാണ് രാമൻ ദുബായിലെത്തിയത്. കുട്ടികളോട് ഏറെ സംസാരിച്ചശേഷം ഉറ്റസുഹൃത്ത് അബ്ദുൾസലാം അടിതിരുത്തിക്കൊപ്പം തിരിച്ചുവരുമ്പോൾ കാറിൽ വിയർത്തു കുഴഞ്ഞു. വെള്ളംകുടിച്ച് ഒരുവിധം താമസസ്ഥലത്തെത്തി. വിശ്രമിച്ചിട്ടും വിയർപ്പ് കുറഞ്ഞില്ല. അല്പസമയത്തിനകം സംസാരം നിലച്ചു. കിടക്കയിലും മുറിയിലുമെല്ലാം വെള്ളംപോലെ വിയർപ്പൊഴുകി.

സലാം വിവരമറിയിച്ചതനുസരിച്ച് പൊലീസ് ആംബുലൻസെത്തി രാമനെ ആശുപത്രിയിലെത്തിച്ചു. സ്റ്റെന്റ് ഇട്ടു. പിറ്റേന്ന് രാവിലെ ഡോക്ടർ പറഞ്ഞു, 'ജീവൻ തിരിച്ചുകിട്ടി. പക്ഷേ, രക്തസമ്മർദ്ദം താണുതന്നെയാണ്. നിരീക്ഷണം തുടരണം'. പ്രോസ്ട്രേറ്റ് അസുഖമുള്ളതിനാൽ യൂറോളജി ഡോക്ടർമാർ പലവട്ടം പരിശോധിച്ചു. നാലുദിവസം ഐ.സി.യുവിലായിരുന്നു. പിന്നീട് കൊറോണറി കെയർ യൂണിറ്റിലാക്കി. ഇപ്പോൾ വാർഡിലേക്കു മാറ്റി.

ചെലവു വഹിക്കാൻ യൂസഫലി

വിസിറ്ര് വിസയിൽ വന്നതിനാൽ രാമന് ചികിത്സാചെലവിന് ഇൻഷ്വറൻസ് പരിരക്ഷയില്ല. ആദ്യഘട്ടചികിത്സ കഴിഞ്ഞപ്പോൾ 72000ദിർഹം(14,44,424 രൂപ) ബില്ലെത്തി. മന്ത്രി വി.എസ്. സുനിൽകുമാറിന്റെ അഭ്യർത്ഥനപ്രകാരം വ്യവസായപ്രമുഖൻ എം.എ. യൂസഫലി ബിൽ അടച്ചു. അദ്ദേഹത്തിന്റെ പ്രതിനിധി അബ്‌ദുള്ള ആശുപത്രിയിലെത്തി രാമനെ കണ്ടു. ഇനിയുള്ള ചെലവും വഹിക്കാമെന്ന് യൂസഫലി അറിയിച്ചിട്ടുണ്ട്. 15 ദിവസം പൂർണവിശ്രമം വേണം. മൂത്രതടസത്തിന് ദുബായ് ഹോസ്പിറ്റലിൽ ചികിത്സവേണം. ചാവക്കാട് സ്വദേശിയായ അബ്ദുൾസലാം ദുബായ് മീഡിയാ സിറ്റിയിൽ ടെക്നിക്കൽ എൻജിനിയർ ജോലിവിട്ട്, ഇപ്പോൾ ദുബായിൽ കർഷകനാണ്. കരാമയിൽ, വയനാടൻ ജൈവഉത്പന്നങ്ങൾ വിൽക്കുന്ന കടയുണ്ട്.