nemam

നേമം: പാപ്പനംകോട് എസ്റ്റിറ്റിന് സമീപം വെട്ടിക്കുഴിയിൽ ഒരു മൈതാനമുള്ളത് പാപ്പനംകോട് നിവാസികൾക്കു പോലും അറിയാത്തൊരു മൈതാനം. നേമം, പഞ്ചായത്ത് ഭരണത്തിലായിരുന്ന കാലത്ത് പതിനൊന്നിന പരിപാടിയുടെ ഭാഗമായി 1988ൽ ഉദ്ഘാടനം ചെയ്താണ് വെട്ടിക്കുഴി മൈതാനം.
പ്രശസ്ത സിനിമ നടൻ സത്യന്റെ ജന്മ സ്ഥലമാണ് വെട്ടിക്കുഴി. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി സ്ഥലപേര് സത്യൻ നഗർ എന്ന് മാറ്റിയതിന് ശേഷം സത്യൻ നഗർ മൈതാനം എന്നറിയപ്പെടുന്നത്. മൈതാനം ഇപ്പോൾ കോർപറേഷന്റെ എസ്റ്റേറ്റ് വാർഡ് പരിധിയിലാണ്. ഒരേക്കർ എഴുപത്തിരണ്ട് സെന്റാണ് മൈതാനത്തിന്റെ വിസ്തൃതി. എന്നാൽ അതിരുകൾ ചൂണ്ടിക്കാണിക്കുവാൻ സാധിക്കാത്ത തരത്തിൽ മുട്ടോളം പൊക്കത്തിൽ പുല്ല് വളർന്നു നിൽക്കുന്നുണ്ട്.

പരാതികൾ മാത്രം

മൈതാനത്തിന്റേതായി ഉദ്ഘാടന സമയത്ത് നിർമ്മിച്ച സ്റ്റേജ് മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത്.
30 വർഷമായി യാതൊരുവിധ അറ്റകുറ്റ പണികളും നടന്നിട്ടില്ല എന്ന് നാട്ടുകാർ പറ‌ഞ്ഞു. മൈതാനത്തിൽ എത്തിചേരുവാനുള്ള റോഡ് നിർമ്മിച്ചത് 2005 ലാണ്. മൈതാനത്തിന്റെ രണ്ടു വശം മാത്രമാണ് കരിങ്കല്ല് കൊണ്ട് അടിത്തറ കെട്ടുള്ളത്. അതിനോട് ചേർന്ന് ഒഴുകുന്ന കനാൽ അടഞ്ഞുകിടക്കുന്നതിനാൽ മഴപെയ്താൽ വെള്ളം ഒഴുകുന്നത് ഈ മൈതാനത്തിലൂടെയാണ്. മൈതാനത്തിനുള്ള അറ്റകുറ്റ പണികൾക്കായി 20 ലക്ഷം രൂപ ടെന്റർ നൽകിയിട്ടുണ്ടെന്ന് കൗൺസിലർ വിജയൻ പറഞ്ഞു. ഒരു വർഷത്തോളമായി തുക അനുവദിച്ചെങ്കിലും ഇതുവരെ നടപടികൾ തുടങ്ങിയിട്ടില്ല.

പ്രതീക്ഷയിൽ നാട്ടുകാർ

വെള്ളമൊഴുക്കിവിടാൻ ഓടകൾ പണിത്, മണ്ണ് പൊക്കിയാൽ ഫുട്ബോൾ കളിക്ക് അനുയോജ്യമായി മാറ്റിയെടുക്കുവാൻ സാധിക്കും. കായിക മത്സരങ്ങളില്ലാത്ത സമയം സ്ഥലം വാടകയ്ക്ക് നൽകിയാൽ കോർപറേഷന് വരുമാന മാർഗ്ഗം കണ്ടെത്താൻ സാധിക്കുമെന്ന് അഭിപ്രായമുണ്ട്.
മൈതാനത്തിന്റെ പുനരുദ്ധാരണത്തിനായി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് മാറി മാറി വരുന്ന ഭരണ സമിതികൾ ഉറപ്പുൽകുന്നുണ്ടെങ്കിലും ഒന്നും തന്നെ നടപ്പാക്കിയിട്ടില്ല എന്നും ആക്ഷേപമുണ്ട്. ഇത്തവണയെങ്കിലും മൈതാനത്തിന് പ്രാതിനിധ്യം നൽകി പ്രർത്തനങ്ങൾ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.