02

പോത്തൻകോട്: ചെമ്പഴന്തി - ചാരിയോട്ടുകുളം ലിങ്ക് റോഡ് തകർന്നിട്ട് നാളേറെയായിട്ടും പുനർനിർമ്മാണം വൈകുന്നതിൽ ഏറെ ആശങ്കയിലാണ് നാട്ടുകാർ. മൂന്നുമാസം മുൻപുണ്ടായ ശക്തമായ മഴയത്തുടർന്നാണ് ഇതുവഴിയുള്ള ഗതാഗതം നിലച്ചത്. ചെമ്പഴന്തിയിൽ നിന്ന് അണിയൂർ ടെമ്പിൾ ലൈൻ റോഡ് വഴി ശ്രീകാര്യം ഗാന്ധിപുരം റോഡിലേക്ക് എളുപ്പത്തിലെത്താൻ കഴിയുന്ന റോഡായതിനാൽ നിത്യേന നൂറുകണക്കിന് യാത്രക്കാരാണ് ഈ വഴിയെ ആശ്രയിച്ചിരുന്നത്. ചെമ്പഴന്തി ചാരിയോട്ടുകോണം കുളത്തിന് സമീപത്തെ റോഡിന്റെ ഭാഗമാണ് ഒരു വശത്തെ കൈവരി സഹിതം കുളത്തിലേക്ക് ഇടിഞ്ഞുതാണത്. കഴിഞ്ഞ നഗരസഭാ ഭരണകാലത്ത് കുളം നവീകരണ പദ്ധതി പ്രകാരം 15 ലക്ഷം രൂപ മുടക്കി പാർശ്വഭിത്തി നിർമ്മിച്ചിരുന്നു. അന്ന് നാട്ടുകാർ നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അതെല്ലാം അവഗണിച്ച് നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു. കുളത്തിന്റെ തെക്കുവശത്തെയും പടിഞ്ഞാറുഭാഗത്തെയും പാർശ്വഭിത്തികളാണ് തകർന്നത്. പടിഞ്ഞാറുവശത്ത് കുളത്തിന് സമീപത്തുള്ള വീടിന്റെ ഒരു ഭാഗവും തകർന്നിട്ടുണ്ട്. കൂടാതെ ഈ ഭാഗത്തെ വൈദ്യുത പോസ്റ്റുകൾ ഏതുസമയത്തും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. കാൽനടയാത്ര പോലും അസാദ്ധ്യമായ റോഡിൽ വാഹനങ്ങൾ പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയിലാണ്. റോഡിന്റെ ഭാഗം ഇനിയും ഇടിഞ്ഞു വീണാൽ സമീപത്തെ നിരവധി വീടുകൾ അപകടത്തിലാകും. ഈ ഭാഗത്ത് പൊതുവേ ഉറപ്പില്ലാത്ത മണ്ണായതിനാൽ കരിങ്കൽ കെട്ടുകൾക്ക് പകരം ഉറപ്പുള്ള കോൺക്രീറ്റ് ചുവരുകൾ നിർമ്മിച്ച് ബലപ്പെടുത്തണം എന്നാണ് പരിസരവാസികളുടെ അഭിപ്രായം.