കോവളം: കിടാരക്കുഴി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞടുപ്പിൽ സംഘർഷം. പൊലീസ് ലാത്തിച്ചാർജിൽ നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റ ആറുപേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സി.പി.എം വെങ്ങാനൂർ പഞ്ചായത്തംഗം ജിനു സൈമൺ, ഡി.വൈ.എഫ്.ഐ പ്രവർത്തകനായ അബ്ദുൽറഹിമാൻ എന്നിവർക്കും പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകരായ സഹൽ, മനോജ്, ഇസ്മയിൽ, ഷൈനി എന്നിവർക്ക് സി.പി.എമ്മുകരുടെ മർദ്ദനത്തിലാണ് പരിക്കേറ്റത് .
വർഷങ്ങളായി കോൺഗ്രസ് നേതൃത്വം നല്കുന്നതാണ് കിടാരക്കുഴി സർവീസ് സഹകരണ ബാങ്ക്. ഇന്നലെ പോളിംഗ് തുടങ്ങിയത് മുതൽ ചെറിയ തർക്കങ്ങളും വാഗ്വാദങ്ങളുമുണ്ടായി. ഇത് പോളിംഗ് അവസാനിക്കുന്നതിന് തൊട്ടുമുൻപേ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പോളിംഗ് സമാപിക്കുന്നതിന് തൊട്ടുമുൻപ് രണ്ട് വോട്ടർമാർക്ക്, കോൺഗ്രസ് പ്രവർത്തകൻ വോട്ട് ചെയ്യാൻ ഐ.ഡി കാർഡ് പരസ്യമായി നല്കുന്നത് ശ്രദ്ധയിൽപെട്ട വിഴിഞ്ഞം സി.ഐ ഐ.ഡി കാർഡുകൾ പിടിച്ചെടുത്തിരുന്നു. ഇതോടെ തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് സി.പി.എം പ്രവർത്തകർ പോളിംഗ് ബൂത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടി. തുടർന്നാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. എന്നിട്ടും പ്രവർത്തകർ പിരിഞ്ഞ് പോകാൻ തയ്യാറാകാത്തത് വീണ്ടും സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഫോർട്ട് എ.സി ദിനിലിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. ഇതിനിടെ കൗണ്ടിംഗ് നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി പ്രവർത്തകർ സംഘടിച്ചെത്തിയെങ്കിലും ഹൈക്കോടതി നിർദ്ദേശമുള്ളതിനാൽ കൗണ്ടിംഗ് നിറുത്തിവയ്ക്കാനാവില്ലെന്നും പരാതിയുണ്ടെങ്കിൽ റിട്ടേണിംഗ് ആഫീസർക്ക് എഴുതി നല്കി പിരിഞ്ഞ് പോയില്ലെങ്കിൽ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. പ്രതിഷേധ പ്രകടനം നടത്തിയ പ്രവർത്തകർ പിരിഞ്ഞുപോയതോടെ സംഘർഷാവസ്ഥയ്ക്ക് അയവുണ്ടായി.