കഴക്കൂട്ടം: ശബരിമലയിൽ യുവതീപ്രവേശനം പരിശോധിക്കാൻ കമ്മിഷനെ വയ്ക്കണമെന്ന വാദം സർക്കാർ ഉന്നയിച്ചിട്ടില്ലെന്നും അതിനാലാണ് ഇങ്ങനൊരു വിധി വന്നതെന്നും ഒ.രാജഗോപാൽ എം.എൽ.എ പറഞ്ഞു. പള്ളിപ്പുറത്ത് നിന്നാരംഭിച്ച ശബരിമല സംരക്ഷണയാത്രയുടെ സമാപന സമ്മേളനം കഴക്കൂട്ടത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഒ. രാജഗോപാൽ. ഈ സമരത്തോടെ വിശ്വാസികൾക്ക് ബി.ജെ.പിയിലേക്ക് വരാനുള്ള കവാടം തുറന്നുവെന്ന് സെക്രട്ടറിയേറ്റിൽ ഇരിക്കുന്ന മന്ദബുദ്ധികൾ മനസിലാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. സ്റ്റാലിനിസ്റ്റ് തത്വം സൂക്ഷിക്കുന്ന ഏകനേതാവാണ് മുഖ്യമന്ത്രി. അതോർത്ത് ഞങ്ങൾ ദു:ഖിക്കുന്നു. തിരഞ്ഞെടുപ്പ് വരുമ്പോൾ സി.പി.എമ്മിന് വിശ്വാസികൾ കറവപശുവാണ്, ഹിന്ദു എന്ന പദം ഒഴിവാക്കി ചതിയിലൂടെയാണ് ദേവസ്വം കമ്മിഷണറെ നിയമിക്കാനുള്ള ഉത്തരവ് കൊണ്ടുവന്നത്. അങ്ങനെ ചെയ്തതിന് മന്ത്രി കടകംപള്ളിക്കെതിരെ ഹൈക്കോടതിയിൽ റിട്ട ഹർജി ഫയൽ ചെയ്യുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. ഈ യാത്ര സമാപിക്കുമ്പോൾ വിശ്വാസികൾക്ക് മുന്നിൽ ഭരണകൂടത്തിന് മുട്ടുമടക്കേണ്ടി വരുമെന്ന് ശ്രീധരൻപിള്ള ഓർമ്മിപ്പിച്ചു. ചടങ്ങിൽ ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ചൂഴാൽ നിർമ്മലൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കാളായ എം,ടി രമേശ്, കെ.സുരേന്ദ്രൻ, ബി. ബാലഗോപാൽ, ശോഭാസുരേന്ദ്രൻ, രാധാകൃഷ്ണൻ, പി.വേലായുധൻ, കൃഷ്ണകുമാർ, മധുസൂദനൻ, കർഷ മോർച്ച സംസ്ഥാന പ്രസിഡന്റ് പാല ജയസൂര്യ,കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് സജിത്ത് തുടങ്ങിയവർ പങ്കെടുത്തു.