img555
ആക്രമത്തിൽപരിക്കേറ്റ സിന്ധുവും അജിതയും

കുന്നത്തുകാൽ: ശബരിമല സ്ത്രി പ്രവേശനവുമായി ബണ്ഡപ്പെട്ട് മഞ്ചവിളാകം പരക്കുന്ന് ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച നാമജപ യാത്രയ്ക്കിടെ സംഘർഷം. വിവിധ ഹിന്ദു സംഘടനകളുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഘോഷയാത്ര വൈകിട്ട് പിണർക്കാല ജംഗ്ഷനിൽ എത്തിയപ്പോൾ കല്ലേറുണ്ടായി. ഇതിനിടെ ഒരാൾ ഘോഷയാത്രയിലേക്ക് ബൈക്ക് കയറ്റിയത് സംഘർഷത്തിനിടയാക്കി. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. മലയിൽക്കട ജംഗ്ഷനിൽ സമാപിച്ച നാമജപയാത്ര കഴിഞ്ഞ് തിരികെ വന്നവർക്കു നേരെയും കല്ലേറുണ്ടായി. തുടർന്ന് പരസ്പരമുള്ള കല്ലേറിൽ പരിക്കേറ്റ സമീപവാസികളായ മലയിക്കട ചെറുവറ്റുർക്കോണം വീട്ടിൽ സിന്ധു (36), മലയിക്കട വിനായക ഭവനിൽ അജിത (40), മലയിൽക്കട സുധിഭവനിൽ മഞ്ചവിളാകം എസ്.എൻ.ഡി.പി ശാഖാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സുബിൻ (36) എന്നിവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സിന്ധുവിന്റെ ഇടതുകൈയ്‌ക്ക് പൊട്ടലുണ്ട്. സുബിന് താടിയെല്ലിലാണ് പരിക്ക്. ഇവിടെ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മഞ്ചവിളാകം എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് എൽ. സുധാകരന്റെ പുതിയ കാറും അക്രമികൾ എറിഞ്ഞു തകർത്തു. ബി.ജെ.പി പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്നും ബി.ജെ.പിയുടെ നാമജപയാത്രയിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞതിനാണ് അക്രമം നടത്തിയതെന്നും എസ്.എൻ.ഡി പി ശാഖാ ഭാരവാഹികൾ പറയുന്നു.