തലശേരി: തലശേരിയും പരിസരങ്ങളും വീണ്ടും രാഷ്ട്രീയ സംഘർഷ ഭൂമിയാകുന്നു. ഇന്നലെ വൈകുന്നേരം കാവുംഭാഗത്ത് ഇരു വിഭാഗങ്ങളിൽപെട്ട പ്രവർത്തകർ തമ്മിലുണ്ടായ നേരിയ സംഘർഷം രാത്രി ആയതോടെ ബോംബേറിൽ കലാശിച്ചു. കാവുംഭാഗത്ത് ബി.ജെ.പി മൂന്നാം വാർഡ് കൗൺസിലർ പ്രബീഷിന്റെ വീടിന് നേരെയും സി.പി.എം പ്രവർത്തകൻ മിജിലേഷിന്റെ വീടിന് നേരേയുമാണ് ബോംബേറുണ്ടായത്.
ഇന്നലെ രാത്രി 11.20ഓടെ സി.പി.എം പ്രവർത്തകന്റെ വീടിനും 12.45 ഓടെ ബി.ജെ.പി പ്രവർത്തകന്റെ വീടിനു നേരെയും ബോംബെറിയുകയായിരുന്നു. പ്രബീഷ് ഉറങ്ങുകയായിരുന്ന മുറിക്ക് നേരെയാണ് ബോംബെറിഞ്ഞത്. ശബ്ദംകേട്ട് നോക്കിയപ്പോൾ മൂന്ന് പേർ ഓടി മറയുന്നത് കണ്ടു. സ്ഫോടനത്തിൽ പരിക്കേറ്റ പ്രബീഷ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
മിജിലേഷിന്റെ വീടിന്റെ മുൻ വാതിൽ സ്ഫോടനത്തിൽ തകർന്നിട്ടുണ്ട്. സംഭവത്തിൽ പരിക്കേറ്റ മിജിലേഷിന്റെ വലിയമ്മ വസന്ത തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രബീഷിന്റെ വീടിന് നേരെയുണ്ടായ ബോംബേറിൽ വീടിന്റെ മുൻഭാഗത്തെ ജനൽ പാളികൾ തകർന്നു. വൈകുന്നേരം ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് ബോംബേറെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തി.