മായം കലരാത്ത സുരക്ഷിത ഭക്ഷ്യവസ്തുക്കൾ ദുർബലമായിക്കൊണ്ടിരിക്കെ സംസ്ഥാനത്ത് ഇവയുടെ പരിശോധനയും വെല്ലുവിളി നേരിടുകയാണ്. നിത്യേന കഴിക്കുന്ന ഭക്ഷണങ്ങൾ പലതും ഗുരുതരമായ അളവിൽ മായം കലർന്നവയാണെന്ന് തെളിഞ്ഞിട്ടും അതിനെതിരെ സർക്കാർ നടപടികൾ കാര്യക്ഷമമാകുന്നില്ല. കർക്കശ നിയമങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നിലവിലുണ്ട്. എന്നാൽ സുരക്ഷിത ഭക്ഷ്യവസ്തുക്കളാണ് വിപണികളിൽ വിൽക്കുന്നതെന്ന് ഉറപ്പാക്കാൻ അവർക്ക് കഴിയുന്നില്ല. ഇടയ്ക്കിടെ മിന്നൽ പരിശോധനകൾ നടത്തി പലരെയും പിടികൂടാറുണ്ട്. പരിശോധനയ്ക്കായി സാമ്പിളുകളും ശേഖരിക്കും. ഇവ സർക്കാർ വക ലാബുകളിൽ പരിശോധനയ്ക്കായി പോകുന്നുമുണ്ട്. പരിശോധനാഫലം ജനങ്ങൾ അറിയാറില്ലെന്ന് മാത്രം.
വിപണിയിൽ ലഭിക്കുന്ന ഏതെങ്കിലുമൊരു ഉല്പന്നത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഉപഭോക്താവിന് സംശയം തോന്നിയാൽ ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിച്ചാൽ തുടർ നടപടികൾ ഉണ്ടാകുമെന്നാണ് വയ്പ്. എന്നാൽ ഭക്ഷണത്തിലെ മായം ഉപഭോക്താവിന് നേരിട്ട് പരിശോധിപ്പിച്ച് നിജസ്ഥിതി മനസിലാക്കണമെങ്കിൽ വലിയ വിലതന്നെ നൽകേണ്ടിവരുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഒരു സാമ്പിൾ പരിശോധിക്കാൻ സർക്കാർ വക ലാബ് രണ്ടായിരത്തിലേറെ രൂപ ഫീസ് ഇൗടാക്കിയാൽ ആരുംതന്നെ ആ സാഹസത്തിന് മുതിരുകയില്ലല്ലോ. മായം കലർന്ന ഉത്പന്നങ്ങൾ വൻതോതിൽ വിറ്റഴിക്കുന്നവർക്കാണ് ഇതിന്റെ നേട്ടം മുഴുവൻ ലഭിക്കുന്നത്. ഭക്ഷ്യസുരക്ഷാവിഭാഗം വല്ലപ്പോഴും നടത്താറുള്ള പരിശോധനകൾ മാത്രം ഭയപ്പെട്ടാൽമതി. പൊതുജനങ്ങൾ വലിയ ഫീസ് മുടക്കി സാമ്പിളുകളുമായി സർക്കാർ ലാബുകളെ സമീപിക്കാൻ മടിക്കുമെന്നതിനാൽ പരാതികൾ അധികം നേരിടേണ്ടിവരികയില്ല. ഇവിടെ വിറ്റഴിക്കുന്ന പല കറിപ്പൊടികളും കൂടുതൽ അളവിൽ രാസവസ്തുക്കളും മായവും കലർന്നവയാണെന്ന് പല പരിശോധനകളിലും തെളിഞ്ഞിട്ടുള്ളതാണ്. വെളിച്ചെണ്ണയിലെ മായം എല്ലാറ്റിനെയും കവച്ചുവയ്ക്കുന്ന നിലയിലാണത്രെ.
ഗുണനിലവാരമില്ലാത്തതിന്റെ പേരിൽ ഡസൻ കണക്കിന് കമ്പനികളുടെ വെളിച്ചെണ്ണ വില്പന ഭക്ഷ്യസുരക്ഷാവിഭാഗം ഇടയ്ക്കിടെ നിരോധിക്കാറുണ്ട്. എന്നാൽ നിരോധനം മറികടക്കാൻ പുതിയ ബ്രാൻഡ് പേരുകളിൽ അവ ഉടനെതന്നെ വിപണിയിലെത്തുകയും ചെയ്യും. മത്സ്യം, മാംസം, പാൽ എന്നിവയും പല തലങ്ങളിലുള്ള രാസപ്രയോഗങ്ങൾക്കുശേഷമാണ് ഉപഭോക്താക്കളിൽ എത്തുന്നത്. പരാതികൾ വ്യാപകമായപ്പോൾ മത്സ്യവണ്ടികൾ നാടൊട്ടുക്കും പരിശോധിക്കാൻ തുടങ്ങിയതോടെ കുറച്ചുനാൾ ആശ്വാസമുണ്ടായി. എന്നാൽ പരിശോധനകൾ നിലച്ചതോടെ കാര്യങ്ങൾ പഴയപടിയായി. മാരകമായ തോതിൽ കീടനാശിനികൾ അടിച്ച പച്ചക്കറികൾ സംസ്ഥാനത്തെത്തുന്നത് തടയാൻ അതിർത്തികളിൽ ലാബുകൾ സ്ഥാപിക്കുമെന്ന സർക്കാർ പ്രഖ്യാപനം വന്നിട്ട് രണ്ടുമൂന്ന് വർഷം കഴിഞ്ഞു. ഒന്നും നടന്നില്ല. ജൈവം എന്ന പേരിൽ വിറ്റഴിക്കുന്നവയിൽപ്പോലും കീടനാശിനി സാന്നിദ്ധ്യം കാണാം. ഉപഭോക്താക്കളിൽ കുറച്ചുപേർ കഴുകിയും പ്രത്യേകതരം ലായിനികളിലിട്ടും പച്ചക്കറികളിലെ വിഷാംശങ്ങൾ നീക്കം ചെയ്ത് ഉപയോഗിക്കുന്നു.
മായം കലർന്ന ഭക്ഷ്യവസ്തുക്കളുടെ വില്പന പരിഷ്കൃത രാജ്യങ്ങളിലെല്ലാം കൊടിയ കുറ്റകൃത്യമാണ്. പിടികൂടിയാൽ ശിക്ഷയും വളരെ വലുതാണ്. ഇത്തരം ഭക്ഷ്യവസ്തുക്കൾ വിപണിയിലിറക്കുന്ന കമ്പനികൾ അമ്പേ പാപ്പരാകാൻ ഇൗ ഗണത്തിൽ ഒരൊറ്റ കേസ് മതിയാകും. ഇവിടെയാകട്ടെ ആർക്കും യഥേഷ്ടം മായംകലർന്ന ഉത്പന്നങ്ങൾ ആരെയും ഭയക്കാതെ വിറ്റഴിക്കാനുള്ള സാഹചര്യമാണുള്ളത്. സംസ്ഥാനത്ത് ആകെ മൂന്ന് സർക്കാർ ലാബുകളാണ് ഭക്ഷ്യവസ്തുക്കളുടെ പരിശോധനയ്ക്കായുള്ളത്. ഭക്ഷ്യസുരക്ഷാകാര്യങ്ങൾക്കായി പ്രത്യേക വകുപ്പും കർക്കശ നിയമങ്ങളും വന്നിട്ടും പരിശോധനകൾ വിപുലമായിട്ടില്ല. ലാബുകളുടെ പരിമിതികൾ കാരണം വൻതോതിൽ സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കപ്പെടാറുമില്ല. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പൂർണതോതിൽ ഉറപ്പാക്കണമെങ്കിൽ എല്ലാ ജില്ലകളിലും ഇതിനുള്ള ലാബുകൾ സ്ഥാപിക്കേണ്ടതുണ്ട്. ഭക്ഷ്യസുരക്ഷാവകുപ്പിൽ അതിനനുസരിച്ച് സ്റ്റാഫ് ബലവും കൂട്ടേണ്ടതുണ്ട്. ഇതിനൊപ്പം തന്നെ ഉപഭോക്താക്കൾ എത്തിക്കുന്ന സാമ്പിൾ കുറഞ്ഞ ചെലവിൽ പരിശോധിക്കാനുള്ള സൗകര്യവും ഒരുക്കണം. മായം തടയാൻ ഇത്തരം സൗകര്യങ്ങൾ ഒരുക്കേണ്ടത് പരമ പ്രധാനം തന്നെയാണ്. നിർഭാഗ്യവശാൽ ഇൗ വസ്തുത സർക്കാരിന്റെ ശ്രദ്ധയിൽ ഇതുവരെ വന്നിട്ടില്ല. വന്നിരുന്നുവെങ്കിൽ സാമ്പിൾ പരിശോധനയ്ക്ക് രണ്ടായിരവും അതിലധികവും ഫീസ് നിശ്ചയിക്കുമായിരുന്നില്ല. ഭക്ഷ്യസുരക്ഷാ നിയമത്തെ മനഃപൂർവ്വം തോല്പിക്കാനേ ഇത്തരം നിബന്ധനകൾ ഉതകുകയുള്ളൂ. ഇൗവർഷം ആദ്യ എട്ടുമാസങ്ങൾക്കിടയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച സാമ്പിളുകൾ റീജിയണൽ ലാബുകളിൽ പരിശോധിച്ചതിൽ അഞ്ഞൂറെണ്ണത്തിൽ മായം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. മായം കലർന്ന ഭക്ഷ്യവസ്തുക്കളിൽ ചെറിയൊരു ഭാഗം മാത്രമാണ് പരിശോധനകളിൽ പിടിച്ചെടുക്കപ്പെടാറുള്ളൂ. പിടിയിലാകുന്നതും അപൂർവ്വമായെങ്കിലും ശിക്ഷ നേരിടേണ്ടിവരുന്നത് ചെറുകിടക്കാരുമായിരിക്കും.
മായം കലർന്നതും ഗുണമേന്മയില്ലാത്തതുമായ ഭക്ഷ്യപദാർത്ഥങ്ങളുടെ തുടർച്ചയായ ഉപയോഗത്താൽ രോഗികളാകുന്നവരുടെ സംഖ്യ സംസ്ഥാനത്ത് കൂടിവരുന്നതായാണ് സ്ഥിതിവിവരങ്ങൾ. സുരക്ഷിത ഭക്ഷണം പൗരന്റെ അവകാശമെന്നാണ് വയ്പ്പെങ്കിലും അത് ഉറപ്പുവരുത്താനുള്ള ബാദ്ധ്യതയിൽ നിന്ന് ഭരണകൂടങ്ങൾ പലപ്പോഴും ഒഴിഞ്ഞുമാറുകയാണ്. സ്വകാര്യ വ്യക്തികൾക്ക് സാമ്പിൾ പരിശോധനയ്ക്ക് ഭാരിച്ച ഫീസ് ചുമത്തിയതുതന്നെ അവരെ രംഗത്തുനിന്ന് അകറ്റാനാണ്. മനുഷ്യവിരുദ്ധവും യുക്തിരഹിതവുമായ ഇൗ നിബന്ധന പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനയ്ക്ക് ന്യായമായ ഫീസ് മാത്രമേ ഇൗടാക്കാവൂ. അത് പൗരന്റെ അവകാശമാണ്.