coconut

ആര്യനാട് : തെങ്ങുകയറാൻ ആളെകിട്ടുന്നില്ലെന്ന പരാതി ഇനിവേണ്ട. ചുറുചുറുക്കുള്ള പെൺകുട്ടികൾ തേങ്ങയിടാൻ റെഡി. ആര്യനാട് ഗവ.വി.എച്ച്.എസ്.എസിലെ അഗ്രിക്കൾച്ചർ വിദ്യാർത്ഥികൾ 'ഓൺ ദ ജോബ് ' പരിശീലനത്തിന്റെ ഭാഗമായി വെള്ളനാട് മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രത്തിൽ തെങ്ങുകയറ്റ പരിശീലനം വിജയകരമായി പൂർത്തിയാക്കി.12ദിവസത്തെ പരിശീലനമാണ് പെൺകുട്ടികൾക്ക് നൽകിയത്.

തെങ്ങുകയറ്റ യന്ത്രവത്കൃത പരിശീലനത്തിലൂടെ സ്ത്രീകൾക്ക് സ്വയം പര്യാപ്തത ആർജ്ജിക്കാനാകുമെന്ന് സംഘാടകർ പറയുന്നു.പരിശീലനത്തിന്റെ ഭാഗമായി ട്രാക്ടർ പ്രവർത്തനം, പരിശീലനം, പോളിഹൈസ് കൃഷി, ഹൈടെക് കൃഷി, കാർഷിക ഉപകരണങ്ങളുടെ പരിശീലനം, നൂതന ജലസേചന രീതികൾ, ജൈവ വളം-ജൈവ കീടനാശിനികളുടെ നിർമ്മാണം, ജാമുകൾ, സിപ്-അപ്പ്, സ്‌ക്വാഷുകളുടെ നിർമ്മാണം എന്നിവയിലും പരിശീലനം നൽകി.

കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടർ മാരിമുത്തു ഉദ്ഘാടനം ചെയ്‌തു. അഗ്രിക്കൾച്ചർ എൻജിനിയറും വിഷയ വിദഗ്ധയുമായ ജ്യോതി റേച്ചൽ വർഗീസ് കൽപ്പവൃക്ഷത്തെപ്പറ്റി ക്ലാസെടുത്തു. തെങ്ങുകയറ്റ പരിശീലനത്തിന് നേതൃത്വം നൽകി. അദ്ധ്യാപകരായ എസ്. ദിവ്യ, ആർ.വി വിനോദ്, ദീപ്‌തി എന്നിവർ പങ്കെടുത്തു.