vellalloor

കിളിമാനൂ‌ർ: കിളിമാനൂ‌ർ വെള്ളല്ലൂരിൽ കൊയ്യാൻ വൈകിയ പാടങ്ങൾ നശിച്ചു. ആകെയുള്ള 35 ഏക്കറോളം വരുന്ന കൃഷിയിൽ 10 ഏക്കറോളം സ്ഥലത്തെ നെൽച്ചെടികളാണ് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ചാഞ്ഞുവീണ് നശിച്ചത്. കൊയ്ത്ത് യന്ത്രം ലഭിക്കാതെയായതോടെയാണ് നെൽച്ചെടികൾ നശിച്ചത്. തൊട്ടടുത്ത കരവാരം കൃഷിഭവന് സ്വന്തമായി കൊയ്ത്ത് യന്ത്രമുണ്ട്. ഇതിന് വേണ്ടി അപേക്ഷ കൊടുത്തിട്ടും ലഭിച്ചില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. ആലപ്പുഴയിൽ നിന്നും കൊണ്ടുവന്ന ഒരു യന്ത്രം സമീപപ്രദേശത്ത് തന്നെയുണ്ട്. അതെങ്കിലും എത്തിച്ച് കൊയ്ത്ത് നടത്താനുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

വെള്ളല്ലൂർ ഈഞ്ചമൂല പാടശേഖര സമിതി പ്രദേശത്താണ് ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടായിരിക്കുന്നത്. 35 ഓളം കർഷകർ കൃഷിയിറക്കിയിരിക്കുന്ന പാടത്തിന്റെ വലിയ ഒരു ഭാഗം നശിച്ചു കഴിഞ്ഞു. ചരിഞ്ഞു വീണ ചെടികളിലെ നെൽവിത്തുകൾ മുളച്ചു തുടങ്ങി. ക‌ൃഷി പൂർണമായും നശിച്ചാൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കർഷക‌ർക്കുണ്ടാകും. കടം വാങ്ങി കൃഷിയിറക്കിയവരും ഏറെയുണ്ട്. അവരെ കാത്തിരിക്കുന്നത് വലിയ കടക്കെണിയുമാണ്. അതുകൊണ്ടു തന്നെ എത്രയും പെട്ടെന്ന് യന്ത്രമെത്തിച്ച് കൊയ്ത്ത് നടത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.