g-sudhakran

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്നത് അനാവശ്യ കോലാഹലങ്ങളും വിവാദങ്ങളുമാണെന്ന് മന്ത്രി ജി.സുധാകരൻ കേരളകൗമുദിയോട് പറഞ്ഞു. സുപ്രീംകോടതി വിധി സർക്കാരിനെതിരെ ആയുധമാക്കാനാണ് വിശ്വാസികളെ സംഘടിപ്പിച്ച് ബി.ജെ.പിയും കോൺഗ്രസും ശ്രമിക്കുന്നത്. സി.പി.എം വിശ്വാസികൾക്കും വിശ്വാസത്തിനും എതിരല്ല. ആരാധനാ സ്വാതന്ത്ര്യത്തിനൊപ്പമാണ്. ശബരിമല വിഷയത്തിൽ സി.പി.എമ്മിന് തിരിച്ചടി നേരിട്ടിട്ടില്ലെന്നും നവോത്ഥാനത്തിനായുള്ള പോരാട്ടത്തിൽ ഇടതുപക്ഷം മാത്രമേയുള്ളൂവെന്ന് വ്യക്തമാക്കപ്പെട്ടുവെന്നും ജി.സുധാകരൻ കേരളകൗമുദിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.


ഇടതുപക്ഷം വിശ്വാസികൾക്കൊപ്പം

ഇടതുപക്ഷം എന്നും വിശ്വാസികൾക്കൊപ്പം തന്നെയാണ്. അല്ലാതെ പറയപ്പെടുന്നതെല്ലാം കുപ്രചരണമാണ്. ക്ഷേത്രങ്ങളും പള്ളികളുമെല്ലാം നിലനിൽക്കണമെന്നും അവിടെ പ്രാർത്ഥിക്കാനുള്ള അവകാശം വിശ്വാസികൾക്കുണ്ടായിരിക്കണമെന്നും അതിൽ ആരും കൈകടത്തരുതെന്നും അത് മൗലികാവകാശമാണെന്നും അവരെ സംരക്ഷിക്കണമെന്നും പറയുക മാത്രമല്ല പ്രശ്‌നം വരുമ്പോൾ വിശ്വാസിയുടെ കൂടെ നിൽക്കുകയും ചെയ്യുന്നു ഇടതുപക്ഷം. ഇപ്പോൾ വിശ്വാസി സമരത്തിനൊപ്പം നിൽക്കുന്ന ഒരു ബി.ജെ.പിക്കാരനും കോൺഗ്രസുകാരനും പ്രശ്‌നം വരുമ്പോൾ അവർക്കൊപ്പം കാണില്ല. അവരുടേത് കപടതയാണ്. പ്രശ്‌നം വരുമ്പോൾ അവർ ഒളിച്ചോടും. ചരിത്രം പഠിക്കണം. സമൂഹം പിന്നോട്ടു നടക്കുമ്പോൾ എപ്പോഴും അതിനെതിരെ മറുകോണിൽനിന്ന് ചെറുത്തുനിൽപ്പ് ഉണ്ടാകും. ഇടതുപക്ഷം അതാണ് ചെയ്യുന്നത്. മറ്റ് രാഷ്ട്രീയകക്ഷികൾ കേവലം വോട്ടുബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നത്.എന്നിട്ട് അവർക്ക് വോട്ട് കിട്ടുമോ,അതുമില്ല. ഇടതുപക്ഷം തന്നെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും ജയിക്കും. ശബരിമല വിഷയം നടക്കുന്ന സമയത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഇടക്കാല തിരഞ്ഞെടുപ്പ് ഫലം കണ്ടില്ലേ. ഇടതുപക്ഷമല്ലേ ജയിച്ചത്. ബി.ജെ.പിക്ക് ഒരു സീറ്റല്ലേ കിട്ടിയത്. അവരുടെ ഈ വർഗീയ പ്രീണനം എവിടെയും വിലപ്പോവില്ല.


കേരളത്തിന്റേത് ഫ്യൂഡൽ സാംസ്‌കാരിക മനസ്

കേരള സമൂഹം മതേതരമായി ഉന്നതമൂല്യങ്ങളിലേക്ക് മാറിയപ്പോഴും സാംസ്‌കാരികമായി ഇപ്പോഴും ഫ്യൂഡൽ മാനസികാവസ്ഥ നിലനിറുത്തിപ്പോരുകയാണ്. ശബരിമല വിഷയത്തിൽ പന്തളം രാജകുടുംബാംഗമായ ശശികുമാര വർമ്മയെപ്പോലുള്ളവരുടെ നിലപാട് രാജവാഴ്ചയിൽ നിന്ന് വിട്ടുപോരാത്ത ഈ മാനസികാവസ്ഥയാണ്. എസ്.എഫ്.ഐയുടെ താലൂക്ക് കമ്മിറ്റി മെമ്പറും ജില്ലാ കമ്മിറ്റി മെമ്പറുമായിരുന്നു അദ്ദേഹം. അങ്ങനെയുള്ള ഒരാൾ നാളും പേരും വച്ച് രാജമുദ്രകളുമായി രംഗത്തു വരുമ്പോൾ ഒപ്പം പ്രവർത്തിച്ച ഞങ്ങൾക്ക് വികാരമുണ്ടാകില്ലേ. അല്ലാതെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. ഇദ്ദേഹം ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ ഓഫീസിൽ സ്റ്റാഫ് ആയിരുന്നപ്പോഴാണ് ഞാൻ ശബരിമല വിഷയത്തിൽ അഫിഡവിറ്റ് കൊടുത്തത്. അന്ന് യാതൊരു എതിർപ്പും പ്രകടിപ്പിച്ചില്ല. അന്ന് എന്തേ എതിർക്കാതിരുന്നത് ? പന്തളം കൊട്ടാരത്തിലെ തിരുമേനിമാർ എന്നോട് വളരെ അടുത്ത ബന്ധമുണ്ടായിരുന്നവരാണ്. തലമറന്ന് എണ്ണ തേക്കരുതെന്നേ പറഞ്ഞുള്ളൂ. ഇങ്ങനെയൊന്നും സർക്കാരിനെതിരെ ഒരു നിലപാടെടുത്ത് പുരോഗമന സ്വഭാവത്തെ തകർക്കാൻ ആർക്കും അവകാശമില്ല.

അഫിഡവിറ്റിലുള്ളത് ജനങ്ങളെ ബോദ്ധ്യപ്പെടുത്തും

ഇടതുപക്ഷത്തിനകത്തും വലതുപക്ഷ ചിന്താഗതി വളരുന്നു. അത് മാദ്ധ്യമങ്ങളും സാംസ്‌കാരിക ലോകവും സിനിമയും എല്ലാം കൂടി ഉണ്ടാക്കിയതാണ്. അത് അവസാനം എവിടെ എത്തിനിൽക്കും? ഇടതുപക്ഷവും വലതുപക്ഷവും എന്ന വ്യത്യാസമില്ലാതെ ആശയപരമായ അടിത്തറ ഒന്നാണെന്നു വരും . അത് ഞങ്ങൾ സമ്മതിക്കില്ല. അതാണ് സ്‌റ്റേറ്റ് കമ്മിറ്റി കഴിഞ്ഞ ദിവസം ഗൗരവതരമായി ചർച്ച ചെയ്തത്. പാർട്ടി മെമ്പർമാരെ ബോധവത്കരിക്കും. സുപ്രീംകോടതി അഫിഡവിറ്റ് ഞങ്ങൾ വിശദമായി ജനങ്ങളെ പഠിപ്പിക്കും. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപീം കോടതി കമ്മിഷനെ വച്ച് പഠിക്കാൻ അതിൽ നിർദേശമുണ്ട്, മകരവിളക്ക് ദിവസത്തെ വലിയ തിരക്ക് ഒഴിവാക്കാനുള്ള ബദൽ നിർദേശങ്ങൾ അതിലുണ്ട്. അങ്ങനെ ശബരിമലയിലെ വിശ്വാസവും ആരാധനാക്രമവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അതിലുള്ളത്. അല്ലാതെ എങ്ങനെയും ശബരിമലയിലേക്ക് സ്ത്രീകളെ കൈപിടിച്ച് കയറ്റണം എന്നല്ല അതിൽ പറഞ്ഞിരിക്കുന്നത്. ഇപ്പോൾ ജനങ്ങളെ തെരുവിലിറക്കി സർക്കാരിനെയും സി.പി.എമ്മിനെയും പ്രതിക്കൂട്ടിലാക്കുന്നവർ അസത്യമാണ് പ്രചരിപ്പിക്കുന്നത്. കള്ളം പറഞ്ഞ് എത്രനാൾ പിടിച്ചു നിൽക്കാനാകും. കള്ളം പറഞ്ഞ് ആൾക്കൂട്ടത്തെ കൂട്ടുന്നതിൽ അർത്ഥമില്ല. ഈ ആൾക്കൂട്ടം കണ്ട് ഞങ്ങൾ ഭയപ്പെടുന്നുമില്ല. അങ്ങനെ ഭയപ്പെട്ടു തുടങ്ങിയാൽ ഇവിടെ എങ്ങനെയാണ് വിപ്ലവ,പുരോഗമന പ്രസ്ഥാനങ്ങൾ ഉണ്ടാകുക?ഞങ്ങളും വിശ്വാസികളുടെ കൂടെത്തന്നെയാണ്. വിശ്വാസികൾക്കു വേണ്ടിയാണല്ലോ ഈ വിധിയുണ്ടായത്. ക്ഷേത്രത്തിൽ പോകുന്നവരോട് യാതൊരു വിരോധവുമില്ല.