വിവിധങ്ങളായ പൂജാരാധനകളുടെ സൗന്ദര്യമാണ് നവരാത്രി ശുഭവേളയിൽ കാണുന്നത്. കേരളത്തിൽ സരസ്വതീപൂജയ്ക്കാണ് പ്രാമുഖ്യമെങ്കിൽ ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിൽ പരാശക്തിയും ദുർഗയും മഹാലക്ഷ്മിയുമാണ് ആരാധനാമൂർത്തികൾ. . നവരാത്രി വേളയാണ് ദസറയായും ആഘോഷിക്കുന്നത്. ഉത്തർപ്രദേശിലും ഡൽഹിയിലുമെല്ലാം നടക്കുന്ന 'രാമലീല" രാമരാവണയുദ്ധത്തെ അനുസ്മരിപ്പിക്കുന്നു.
നവരാത്രിവേളയിൽ ജ്ഞാനത്തെയും ശക്തിയെയും സരസ്വതിയെയും ദുർഗയെയും ഒരേപോലെ ആരാധിക്കുന്നു. ആദിപരാശക്തിയും അധിദേവതയും പ്രകാശത്തിന്റെ സ്രോതസ്സുമായതുകൊണ്ട് മഹാചൈതന്യ സ്വരൂപിണിയായ ദേവിയുടെ പ്രാധാന്യം ഒന്നുവേറെതന്നെയാണ്. ഒൻപത് രാത്രികളും കഴിഞ്ഞുവരുന്ന പ്രഭാതം ദുർഗയുടെ അപരാജിത രൂപത്തെ ഉപാസിക്കുവാനുള്ളതാണ്. ഇൗ പുണ്യദിനത്തെയാണ് 'വിജയദശമി" യെന്ന് വിളിക്കുന്നത്. വിജയദശമിയിൽ ആരംഭിക്കുന്ന ഏത് കാര്യവും ശുഭപര്യവസായിയാകുന്നു.
നവരാത്രി ആചരണം ശ്രീരാമനാണ് ആരംഭിച്ചതെന്ന് ദേവീഭാഗവതത്തിൽ കാണാം. രാവണവധത്തിനായി ശ്രീരാമൻ ദുർഗാദേവിയെ ഉപാസിച്ചവേളയാണ് നവരാത്രി.. ഭക്തിയുടെ ഒൻപത് നവനവങ്ങളായ ആരാധന ക്രമങ്ങൾ. മൈസൂറിലെ ദസറ ഉത്സവത്തിലും ആയുധപൂജയ്ക്കും വളരെ പ്രാധാന്യമുണ്ട്. ബംഗാളിലെ ദേശീയോത്സവമാണിത്.
ദുർഗാദേവി മഹിഷാസുരനെ നിഗ്രഹിച്ചതിലുള്ള അനുസ്മരണമാണിത്. വരബലത്തിൽ ധിക്കാരിയായ മഹിഷാസുരനെ വധിക്കാൻ പരാശക്തിക്കു മാത്രമേ സാദ്ധ്യമാകൂ എന്നറിഞ്ഞ ത്രിമൂർത്തികൾ അതിനായി ഒരു സ്ത്രീശക്തിയെ സൃഷ്ടിക്കാൻ തീരുമാനിച്ചു. ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരുടെ മുഖങ്ങളിൽനിന്നുള്ള തേജസ്സുകളുടെ ശക്തിയോടൊപ്പം മറ്റു ദേവീദേവന്മാരുടെ മുഖകമലങ്ങളിൽനിന്ന് തേജസ്സുകൾ പുറപ്പെടുകയും ഇൗ തേജസ്സുകളുടെയെല്ലാം സമ്യക്പ്രഭാവമായി, സർവ്വാംഗ സുന്ദരിയും അഷ്ടാദശകരങ്ങളോടുകൂടിയ തേജസ്വിയുമായ ദേവി ഉത്ഭവിക്കുകയുമുണ്ടായി. മഹിഷാസുരനും ദേവിയുമായി നടന്ന ഉഗ്ര യുദ്ധത്തിൽ അസുരനും സേനയും ചത്തൊടുങ്ങി. ഒടുവിൽ ദുർഗാദേവി മഹിഷാസുരനെ കൊന്ന് വിജയം നേടിയതിന്റെ ആഘോഷമാണ് ''വിജയദശമി""യായി ആചരിച്ചുതുടങ്ങിയത്.
പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ പറ്റിയ പുണ്യദിവസമാണിത്. രാമരാവണയുദ്ധം തുടങ്ങിയത് ഒരു വിജയദശമി ദിനത്തിലാണ്. വനവാസവും അജ്ഞാതവാസവുമെല്ലാം കഴിഞ്ഞ് 'മഹാനവരാത്രി "യുടെ ഒടുവിൽ അർജുനൻ തന്റെ ഗാണ്ഡീവത്തെ ശമീവൃക്ഷത്തിന്റെ പൊത്തിൽനിന്ന് എടുത്തുകൊണ്ടുപോയി, കൗരവന്മാരെ യുദ്ധത്തിൽ തോല്പിച്ചുവെന്നാണ് കഥ. വില്ലാളിവീരനായ, അർജുനന് വിജയൻ, എന്നൊരു പേരുണ്ട്. ചെറുവന്നിയുടെ പൊത്തിൽനിന്ന് ആയുധമെടുത്ത് യുദ്ധത്തിൽ ജയിച്ചതിനാൽ ആ ദിനത്തെ വിജയദശമി എന്നുവിളിക്കുന്നു.
ദുർഗാദേവിയുടെ മറ്റൊരു ഭാവാന്തരമാണ് ശ്രീസരസ്വതി. മഹിഷാസുരവധം അജ്ഞാനമാകുന്ന അന്ധകാരത്തെ നശിപ്പിച്ചതിന്റെ സൂചനയാണ്. അതിനാൽ ദേവിയുടെ വിജയദിനമായ വിജയദശമി 'വിദ്യാരംഭദിന"മായി ആഘോഷിക്കുന്നു. ''ഒാം"" എന്ന ധ്വനി പരബ്രഹ്മത്തെയാണ് സൂചിപ്പിക്കുന്നത്. ശിവനും ശക്തിയും ചേർന്നതാണ് പരബ്രഹ്മം. 'ഹരി"" സ്ഥിതിസ്വരൂപനായ മഹാവിഷ്ണുവിനെ പ്രതിനിധാനം ചെയ്യുന്നു. ''ശ്രീ"" ശ്രീചക്രാരൂഢയായ ദേവിയെ (ദേവ്യുപാസനയെ) കാണിക്കുന്നു. 'ഒാംഹരിഃ ശ്രീ ഗണപതയേ നമഃ"" ഇവിടെ ജ്ഞാനസ്വരൂപനായ ഗണപതി കൂടിചേരുമ്പോൾ ക്ഷരമല്ലാത്തതെന്തോ (നാശമില്ലാത്തതെന്തോ) അതും നമ്മുടെ അന്തഃകരണത്തെ പ്രഭാപ്രസരമാക്കുന്നു.
ശ്രീത്രിഭുവനേശ്വരിയുടെ ശരീരമാണ് സകല ലോകങ്ങളും. എല്ലാ ചരാചരങ്ങളും ദേവിയുടെ ആടയാഭരണങ്ങളാണ്. ആകാശത്തിന്റെ അധിദേവതയും പ്രകാശത്തിന്റെ സ്രോതസുമായതുകൊണ്ട് എല്ലാ പദാർത്ഥങ്ങൾക്കും ചലിക്കാനുള്ള ഇടം ദേവി നൽകുന്നു. ഭക്തമനസ്സിൽ നന്മയുടെ വിശാലത നിറയാൻ ഭുവനേശ്വരിയായ ദേവി അനുഗ്രഹിക്കുന്നു. ദേവിയുടെ സാന്നിദ്ധ്യത്തിൽ സ്നേഹവും അനുകമ്പയും സ്വാതന്ത്ര്യബോധവും അവരിലുണ്ടാകുന്നു. മനുഷ്യന്റെ സൂക്ഷ്മശരീരത്തിന്റെ അനാഹത ചക്രത്തിൽ ദേവി അധിവസിക്കുന്നു. മനുഷ്യന്റെ ഹൃദയസ്ഥാനമാണത്.
നിത്യനൂതനവും ശാശ്വതവുമായ സൗന്ദര്യത്തെ ലളിതാത്രിപുരസുന്ദരി പ്രതിനിധാനം ചെയ്യുന്നു. മനുഷ്യന്റെ സ്ഥൂലസൂക്ഷ്മ ശരീര കാരണങ്ങളുടെ നാഥനായതുകൊണ്ടുതന്നെ ദേവിയെ ത്രിപുരസുന്ദരിയെന്ന് വിളിക്കുന്നു. ശ്രീചക്രത്തിന്റെ അധിഷ്ഠാന ദേവതയായ ലളിത, വിശ്വചൈതന്യത്തെയാകെത്തന്നെ തന്നിലേക്ക് ആവാഹിച്ചിരിക്കുന്നു. ദേവിയുടെ ലീലയാണ് പ്രപഞ്ചപ്രതിഭാസങ്ങൾ. ലോകത്തിന്റെ സർവ്വാധിനാഥയെന്നതിനാൽ ദേവിക്ക് ''ശ്രീരാജരാജേശ്വരി"" എന്ന പേരുകൂടിയുണ്ട്.
സൂക്ഷ്മ ശരീരത്തിലെ അനാഹതചക്രത്തിൽ അധിവസിക്കുന്ന ദേവി ബാഹ്യസൗന്ദര്യത്തെക്കാളും പ്രധാനം ആന്തരിക സൗന്ദര്യമാണെന്ന് വ്യക്തമാക്കുന്നു.