വെമ്പായം : 'പുരയിടത്തിൽ ഒരു വസ്തുവും നട്ട് വളർത്താനാകുന്നില്ല. ഫലവൃക്ഷങ്ങളിൽ തളിരിലകൾ പോലുമില്ല. എല്ലാം നശിപ്പിക്കുന്നു. തെങ്ങിൽ കയറിയാൽ വെള്ളയ്ക്കാവരെ പറിച്ച് താഴേക്കെറിയും. വീട്ടിനുള്ളിൽ കയറി ആഹാര സാധനങ്ങളെല്ലാം തിന്നും. പറ്റാത്തവ വലിച്ചെറിഞ്ഞ് നശിപ്പിക്കും. തുണികളെല്ലാം എടുത്തോണ്ട് പോകും. ഈ വാനരപ്പട കാട്ടിക്കൂട്ടുന്ന വിക്രിയകൾ പറഞ്ഞാലും തീരില്ല.' - തേക്കട സ്വദേശിയായ വീട്ടമ്മയുടെ വാക്കുകളാണിത്. കുരങ്ങന്മാരെക്കൊണ്ട് നാട്ടുകാരാകെ പൊറുതിമുട്ടിയിരിക്കുകയാണ്.

കാട്ടിൽ നിന്നും തീറ്റ തേടി നാട്ടിൽ ഇറങ്ങിയിട്ട് തിരികെ പോകാത്ത വാനരപ്പടയാണ് വെല്ലുവിളിയായിരിക്കുന്നത്. വെഞ്ഞാറമൂട് മേഖലയിൽ തേക്കട, മൂന്നാനക്കുഴി, മൊട്ടക്കാവ്, മദപുരം, ചേമ്പും കുഴി എന്നിവിടങ്ങളിലാണ് ശല്യമേറെയും. ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് ദിനം പ്രതി ഓരോ വീട്ടുകാർക്കും ഉണ്ടാകുന്നത്. കൃഷികളും വിളകൾക്കും പുറമെ,​ വീടുകൾക്ക് നേരെയും കുരങ്ങന്മാർ ആക്രമണം അഴിച്ചുവിടുന്നു. തുണികൾ, വീട്ടുപകരണങ്ങൾ,​ കുട്ടികളുടെ പുസ്തകങ്ങൾ വരെ കീറി നശിപ്പിക്കുന്നു. ഒാടിളക്കി വീട്ടിനകത്ത് കടക്കുന്ന കുരങ്ങന്മാർ സാധനങ്ങൾ നശിപ്പിക്കുന്നു. ടെറസ് മേൽക്കൂരയുള്ള വീടുകളിൽ വാട്ടർ ടാങ്കുൾക്കുള്ളിൽ കടന്ന് കുളിയ്ക്കുക, പൈപ്പുകൾ വലിച്ചൊടിക്കുക തുടങ്ങിയ വിക്രിയകൾ ചെയ്യും.

ഇവറ്റകളുടെ അതിക്രമം ദിവസേന വർദ്ധിക്കുമ്പോഴും വനപാലകർ കണ്ണടച്ചിരുട്ടാക്കുകയാണ്. വന്യ മൃഗങ്ങളിൽ നിന്നും മുനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വവും വനപാലകർക്കുണ്ട്. കാട്ടുമൃഗങ്ങൾ വിള നശിപ്പിച്ചാൽ വനം വകുപ്പ് നഷ്ടപരിഹാരം നൽകാറുണ്ടെങ്കിലും അത് പേരിന് മാത്രമേയുള്ളൂവെന്നാണ് കർഷകർ പറയുന്നത്.

.. പരിഹാരമിങ്ങനെ

നാട്ടിലിറങ്ങിയ കാട്ടുകുരങ്ങുകളെ കൂടുകൾ വച്ച് പിടികൂടി തിരികെ ഉൾവനത്തിൽ കൊണ്ട് വിട്ടാൽ നാട്ടിലെ ശല്യം ഒഴിവാക്കാനാകും. ഒപ്പം ക‌ൃഷി നാശം സംഭവിച്ച കർഷകർക്ക്,​ നഷ്ടപരിഹാരം നൽകാനുള്ള നടപടികളും വനപാലകർ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.