നെടുമങ്ങാട് : തലസ്ഥാനത്തെ കുടിവെള്ള വിതരണ നിയന്ത്രണത്തിന് അറുതി വരുത്താൻ അരുവിക്കരയിൽ പുതിയ ജലശുദ്ധീകരണ പ്ലാന്റ് ഒരുങ്ങുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, തിരുവനന്തപുരം നഗരസഭ എന്നിവ സംയുക്തമായി നടപ്പാക്കുന്ന 'അമൃത് പദ്ധതിയിൽ' ഉൾപ്പെടുത്തിയാണ് നിർമ്മാണം. മെഡിക്കൽ കോളേജിലും ടെക്‌നോപാർക്കിലും ഉൾപ്പെടെ നഗരപ്രദേശങ്ങളിൽ അടിക്കടിയുണ്ടാവുന്ന ശുദ്ധജല തടസം പ്ലാന്റ് പ്രവർത്തന സജ്ജമാവുന്നതോടെ പഴങ്കഥയാവും. കരകുളം, അരുവിക്കര, പേരൂർക്കട, പോങ്ങുംമൂട് ഭാഗങ്ങളിൽ ആഴ്ചയിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണ് ഇപ്പോൾ കുടിവെള്ളം ലഭിക്കുന്നത്. വീടുകളിൽ വെള്ളം സംഭരിച്ചാണ് പ്രദേശവാസികൾ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നത്. ജലവിതരണകേന്ദ്രമുള്ള പ്രദേശമായിട്ടും അരുവിക്കരയിലും സമീപ പഞ്ചായത്തുകളിലും ശുദ്ധജലം കിട്ടാക്കനിയാണ്. ഈ പരാതിക്കും പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.
നടപടികൾ ആരംഭിച്ചു
75 എം.എൽ.ഡി പ്ലാന്റാണ് സജ്ജമാവുന്നത്.നിർമ്മാണത്തിനായി 56 കോടി രൂപ അനുവദിച്ചു. പദ്ധതി പ്രവർത്തനം ആരംഭിച്ചു. 3 ഏക്കർ സ്ഥലം പ്ലാന്റിന് വേണ്ടി ഏറ്റെടുത്തു. ജല അതോറിട്ടി തിരുവനന്തപുരം പ്രോജക്ട് ഡിവിഷനാണ് നിർമ്മാണ ചുമതല.
1973-85 ൽ ഡാം സൈറ്റിൽ പൂർത്തിയാക്കിയ 72 എം.എൽ.ഡി പ്ലാന്റ്, 99 ൽ ചിത്തിരക്കുന്നിൽ നിർമ്മിച്ച 86 എം.എൽ.ഡി പ്ലാന്റ്, 2011 ൽ നിർമ്മിച്ച 74 എം.എൽ.ഡി പ്ലാന്റ്, 36 എം.എൽ.ഡി ബൂസ്റ്റർ പമ്പ് ഹൗസ് എന്നിവയാണ് നിലവിലുള്ള ജലവിതരണ ശൃംഖലയുടെ ജീവൻ. എന്നാൽ, അറ്റകുറ്റപ്പണി നടത്തുന്ന വേളകളിലും തുടർച്ചയായ പ്രവർത്തന കാലയളവിലും ജലവിതരണം മുടങ്ങുന്നത് വൻ പ്രതിസന്ധി സൃഷ്ടിക്കുന്നു.
അമൃത് പദ്ധതി നടപ്പാകുന്നതോടെ കൂടുതൽ സ്ഥലങ്ങളിൽ ശുദ്ധജലം വിതരണം ചെയ്യാൻ കഴിയും. നിലവിലുള്ള നിയന്ത്രണങ്ങൾ ഇല്ലാതാവും. കൂടുതൽ ഉയർന്ന അളവിൽ ജലം ലഭ്യമാക്കാനും സാധിക്കും''
-അജീഷ് (അസി. എക്സി. എൻജിനിയർ, ജല അതോറിട്ടി, പ്രോജക്ട് വിഭാഗം)
അമൃത് പദ്ധതി
പ്ളാന്റ് നിർമ്മാണ ചെലവ് : 70 കോടി
അനുവദിച്ച തുക : 56 കോടി
കേന്ദ്ര വിഹിതം : 50 %
സംസ്ഥാനം : 30 %
കോർപറേഷൻ : 20 %
മേയറും സംഘവും സന്ദർശിച്ചു
നിർദ്ദിഷ്ട ജല ശുദ്ധീകരണ പ്ലാന്റിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ മേയർ വി.കെ. പ്രശാന്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ജല അതോറിട്ടി ഉദ്യോഗസ്ഥരും അരുവിക്കര സന്ദർശിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പാളയം രാജൻ, പുഷ്പലത, അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ഐ. മീന എന്നിവരും അമൃത് പ്രോജക്ട് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. രണ്ടു മാസം മുൻപാണ് പണി ആരംഭിച്ചത്. 2019 അവസാനത്തോടെ പണി പൂർത്തിയാക്കുമെന്ന് മേയർ പറഞ്ഞു.