ശിവഗിരി: ഗുരുദേവന്റെ ശിഷ്യഗണത്തിലെ വിവേകാനന്ദനായിരുന്നു സ്വാമി സത്യവ്രതനെന്ന് സ്വാമി ബോധിതീർത്ഥ പറഞ്ഞു. സ്വാമി ഏണസ്റ്റ് കെർക്ക് ഗുരുദേവന്റെ ശിഷ്യത്വം സ്വീകരിച്ച ആദ്യ വിദേശിയുമായിരുന്നു. ശിവഗിരിയിൽ ആചാര്യസ്മൃതി സമ്മേളനത്തിൽ സത്യവ്രത സ്വാമി, സ്വാമി ഏണസ്റ്റ് കെർക്ക് ദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുട്ടനാട്ടിലെ ഒരാഢ്യ നായർ കുടുംബത്തിൽ ജനിച്ച് ചെറു പ്രായത്തിൽ അദ്ധ്യാപക ജോലിയിൽ പ്രവേശിച്ച അയ്യപ്പൻപിള്ളയാണ് ഗുരുവിന്റെ ശിഷ്യത്വം വരിച്ച് സ്വാമി സത്യവ്രതനായത്. സർവ്വമത സമ്മേളനത്തിന്റെ സംഘാടക സെക്രട്ടറിയായിരുന്ന സ്വാമി സത്യവ്രതന്റെ പ്രഭാഷണങ്ങളിലൂടെയാണ് വൈക്കം സത്യഗ്രഹത്തിന് ആളും അർത്ഥവും എത്തിച്ചേർന്നതെന്നാണ് ചരിത്രം.
ജാതിയില്ലായ്മ, ജീവിത വിശുദ്ധി എന്നീകാര്യങ്ങളിൽ ബുദ്ധനെകൂടി ജയിച്ച ആളാണ് സ്വാമി സത്യവ്രതൻ എന്ന് തുടർന്ന് സംസാരിച്ച സ്വാമി സച്ചിദാനന്ദ പറഞ്ഞു. വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച് സവർണ്ണജാഥ നയിക്കുവാൻ സാധിച്ചത് സത്യവ്രത സ്വാമിയുടെ സഹായം കൊണ്ടാണെന്ന് മന്നത്ത് പത്മനാഭൻ രേഖപ്പെടുത്തിയിട്ടുണ്ട്.
ഭാരതീയ സംസ്ക്കാരത്തെ കുറിച്ച് പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത പാശ്ചാത്യനായ ഏണസ്റ്റ് കെർക്ക് ഉപനിഷത്തിൽ പറയുന്നതുപോലുളള ഒരു ഗുരുവിനെ തേടിയാണ് ഭാരതത്തിൽ എത്തിയത്. രമണമഹർഷിയിൽ നിന്നു ശ്രീനാരായണഗുരുവിനെ കുറിച്ച് അറിഞ്ഞ് ശിവഗിരിയിൽ എത്തി ശിഷ്യത്വം സ്വീകരിക്കുകയുമായിരുന്നു. കെർക്ക് സായിപ്പിനെ പാൻസും കോട്ടും ഷൂസും നൽകി ടൈ കെട്ടിക്കൊടുത്തു കൊണ്ടാണ് സന്യാസി സംഘത്തിൽ ചേർത്തത്. ദീക്ഷാനാമവും നൽകിയില്ല. ഇതുവഴി സന്യാസ സമ്പ്രദായത്തിനു തന്നെ ഗുരുദേവൻ പുതിയൊരു മാനം നൽകി. ഗുരുദേവന്റെ മഹാസമാധിയെ തുടർന്ന് ഏണസ്റ്റ് കെർക്ക് ശിവഗിരിമഠം വിട്ടുപോയി. ശ്രീനാരായണ പ്രസ്ഥാനത്തിന് ഇതൊരു മഹാനഷ്ടമായിരുന്നുവെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, നവതി ആചരണകമ്മിറ്റി സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, യജ്ഞകമ്മിറ്റി കൺവീനർ സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രകാശം, യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെളളാപ്പളളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, എസ് .എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ, വജസ്പതി, ആശാതുഷാർ, അജി എസ്.ആർ.എം, സിനിൽ മുണ്ടപ്പളളി, സോമരാജൻ കരുനാഗപ്പളളി, സുശീലൻ, കിരൺചന്ദ്രൻ, വൈ.എസ്.കുമാർ, അനിൽ തറനിലം, വിജീഷ് മേടയിൽ, സന്ദീപ് പച്ചയിൽ, സുനിൽവള്ളിയിൽ, സജി എസ്.ആർ.എം, ഡി.പ്രേംരാജ്, ആലുവിള അജിത്ത്, ഡി.സോമരാജ് എന്നിവർ സംബന്ധിച്ചു.
കോതമംഗലം യൂണിയൻ പ്രസിഡന്റ് അജി നാരായണൻ, സെക്രട്ടറി പി.എ.സോമൻ, മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് നാരായണൻ, സെക്രട്ടറി അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ യൂണിയൻ, ശാഖാ പ്രവർത്തകരും ഭാരവാഹികളും ചടങ്ങുകളിൽ സംബന്ധിച്ചു.
ശിവഗിരിയിൽ ഇന്ന്:
രാവിലെ 4.30ന് പർണ്ണശാലയിൽ ശാന്തിഹവനം, 5ന് ശാരദാമഠത്തിൽ വിശേഷാൽപൂജ, 5.30ന് മഹാസമാധിയിൽ വിശേഷാൽഗുരുപൂജ, 5.45ന് ബ്രഹ്മവിദ്യാലയത്തിൽ ഗുരുദേവ കൃതികളുടെ പാരായണം, 9ന് അഖണ്ഡനാമജപം, വിശ്വശാന്തിഹവനം, വൈകുന്നേരം 3ന് ആചാര്യസ്മൃതി സമ്മേളനം.