narendra-nayak
narendra nayak

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ കേരളത്തിലെ സ്‌ത്രീകൾ തന്നെ തെരുവിലിറങ്ങുന്നത് ദുരന്തമാണെന്ന് യുക്തിവാദിയും കന്നട എഴുത്തുകാരനുമായ നരേന്ദ്ര നായക് പറ‌ഞ്ഞു. കേരള സർവ്വകലാശാല യൂണിയൻ പ്രവർത്തനോദ്ഘാടനം നടത്തിയശേഷം തിരുവനന്തപുരം വി.ജെ.റ്റി. ഹാളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

താൻ ഒരു വിശ്വാസിയല്ല,​ ശബരിമലയിൽ പോകാനും ആഗ്രഹിക്കുന്നില്ല. എന്നാൽ പോകാൻ ആഗ്രഹിക്കുന്നവരെ തടയരുതെന്ന് നരേന്ദ്ര നായക് പറഞ്ഞു. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ശാരീരിക ബുദ്ധിമുട്ടുകളുടെ പേരിൽ സ്‌ത്രീക്ക് അവകാശം നിഷേധിക്കുന്നത് എതിർത്ത് തോൽപ്പിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

സർവകലാശാല യൂണിയന്റെ പുതിയ ചെയർപേഴ്സൺ ശ്യാമിലി ശശികുമാർ അദ്ധ്യക്ഷയായി. ഐ.ബി. സതീഷ് എം.എൽ.എ,​ യുവജന ക്ഷേമ കമ്മിഷൻ ചെയർപേഴ്സൺ ചിന്താ ജെറോം,​യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു,​ യൂണിയൻ ജനറൽ സെക്രട്ടറി ആർ.എസ്.ശ്രീജിത്ത് ,​ ട്രാൻസ്ജെൻഡർ അക്റ്റിവിസ്റ്റ് വിജയരാജ മല്ലിക,​ സിൻഡിക്കേറ്റ് അംഗങ്ങളായ കെ.എച്ച്. ബാബുജാൻ,​ ജെ.എസ്.ഷിജുഖാൻ തുടങ്ങിയവർ പങ്കെടുത്തു. ആട്ടം കലാസമിതി സംഗീത പരിപാടികൾ അവതരിപ്പിച്ചു.