namajapayathra
ശബരിമല യുവതിപ്രവേശനത്തിൽ പ്രതിഷേധിച്ച് എൻ.ഡി.എ.യുടെ നേതൃത്വത്തിൽ നടന്ന ശബരിമല സംരക്ഷണയാത്രയുടെ സമാപന സമ്മേളനത്തിന്റെ ഭാഗമായി നടന്ന നാമജപ ഘോഷയാത്ര

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിശ്വാസികളുടെ വികാരം ഉൾക്കൊണ്ട് തീരുമാനമെടുക്കാൻ സർക്കാരിന് 24 മണിക്കൂർ അനുവദിച്ച് എൻ.ഡി.എയുടെ ശബരിമല സംരക്ഷണ യാത്രയ്ക്ക് സെക്രട്ടേറിയറ്രിന് മുന്നിൽ ആവേശോജ്ജ്വല സമാപനം.കത്തുന്ന സൂര്യനു കീഴിൽ ചുട്ടുപൊള്ളുന്ന റോഡിലൂടെ ക്ഷീണം മറന്ന് നൂറു കണക്കിന് യുവതികളും അമ്മമാരും ഉൾപ്പെടെ ശരണം വിളിച്ചും അയ്യപ്പ നാമജപങ്ങളോടെയും നടത്തിയ പ്രതിഷേധയാത്ര തലസ്ഥാന നഗരം ഇതുവരെ കാണാത്തൊരു സമരമായി.

പട്ടം ജംഗ്ഷനിൽ നിന്നാണ് യാത്ര ആരംഭിച്ചത്. രാവിലെ 10.30നാണ് പദയാത്ര ആരംഭിക്കുമെന്നു പറഞ്ഞിരുന്നതെങ്കിലും ഒൻപതോടെ തന്നെ വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രവർത്തകർ എത്തിയിരുന്നു. എൻ.ഡി.എയിലെ പാർട്ടികളെല്ലാം പരമാവധി വനിതകളെ പദയാത്രയ്ക്ക് എത്തിച്ചു. പത്തരയോടെ പ്രവർത്തകർ തിങ്ങിനിറ‌ഞ്ഞു. പതിനൊന്നോടെ നാമജപയാത്ര തുടങ്ങി. ഓരോ ജംഗ്ഷനിൽ നിന്നും പ്രവർത്തകർ ചേർന്നതോടെ വലിയൊരു പ്രവാഹമായി മാറി.

ജാഥാ ക്യാപ്ടനും എൻ.ഡി.എ ചെയർമാനുമായ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള,​ എൻ.ഡി.എ കൺവീനറും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി,​ സുരേഷ്‌ ഗോപി എം.പി,​ ഒ.രാജഗോപാൽ എം.എൽ.എ, പി.സി. തോമസ്,​ രാജൻബാബു, നീലകണ്ഠൻ മാസ്റ്റർ, സുഭാഷ്‌ വാസു, ശബരിമല മുൻ മേൽശാന്തി ഗോശാല വിഷ്ണുവാസുദേവൻ,​ സി.കെ. പദ്മനാഭൻ,​ ശോഭാ സുരേന്ദ്രൻ,​ കെ. സുരേന്ദ്രൻ തുടങ്ങിയവർ മുൻനിരയിൽ. ഇവർക്ക് പിന്നിൽ അയ്യപ്പന്റെ ചിത്രവുമായി വനിതകളും നടന്നു നീങ്ങി. ജാഥ കടന്നുവന്ന വീഥികളിൽ ഗതാഗതം പൂർണമായും നിലച്ചു.

പുലിവാഹകനായ അയ്യപ്പന്റെയും ശബരിമല ധർമ്മശാസ്താവിന്റെയും അലങ്കരിച്ച രൂപങ്ങൾ പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളിൽ എഴുന്നള്ളിച്ച് പുഷ്പവൃഷ്ടിനടത്തിയും ചന്ദനത്തിരി പുകച്ചുമൊക്കെയായിരുന്നു യാത്ര. പദയാത്ര എത്തും മുമ്പേ സെക്രട്ടേറിയറ്റ് പരിസരം പ്രവർത്തകരെ കൊണ്ടു നിറഞ്ഞു. ആവരെ ആവേശം കൊള്ളിച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ സംസാരിച്ചു. ഉദ്ഘാടകനായ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവു ശരണം വിളിച്ചാണ് പ്രസംഗം ആരംഭിച്ചതും അവസാനിപ്പിച്ചതും.