ആറ്റിങ്ങൽ: ക്ഷിപ്രകോപിയായ ദേവീ ഭാവം ആവാഹിച്ച് ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ആറ്റിങ്ങൽ രാമച്ചംവിള കണ്ണങ്കരക്കോണം താഴെ പൊന്നറ വീട്ടിൽ ബിജുവിന്റെ (46) വിയോഗം നാടിന്റെ നൊമ്പരമായി. കഴിഞ്ഞ 25 വർഷമായി ശാർക്കര ദേവീ ക്ഷേത്രത്തിലെ കാളിയൂട്ട് ചടങ്ങിൽ ഭദ്രകാളി വേഷം കെട്ടിയിരുന്നത് ബിജുവാണ്. മസ്‌തിഷ്‌ക സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുനാളുകളായി ബിജു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 7 മണിയോടെയാണ് മരിച്ചത്. കാളിയൂട്ട് ചടങ്ങുകൾ നടത്തുന്ന ആറ്റിങ്ങൽ പൊന്നറ കുടുംബത്തിലെ കാരണവരായ കൊച്ചുനാരായണപിള്ളയുടെ (നാണുആശാൻ) രണ്ട് ആൺമക്കളിൽ മൂത്ത ആളാണ് ബിജു. ചെറുപ്പത്തിലേ പിതാവിനൊപ്പം കാളിയൂട്ട് ചടങ്ങുകളിൽ പതിനാറര പേരിൽ അര ആളായി ബിജു പങ്കെടുത്തിട്ടുണ്ട്. ഗോപിസാറും (കാളി ഗോപി) പിന്നെ കൊച്ചുനാരായണപിള്ളയും 60 വർഷത്തോളം തകർത്താടിയ കാളീവേഷമാണ് പിന്നീട് ബിജുവിന് ലഭിച്ചത്. കാളിയൂട്ടിലെ ഏറ്റവും പ്രധാന ചടങ്ങായ നിലത്തിൽപ്പോരും പറണേറ്റും ദാരിക നിഗ്രഹവും നടക്കുന്ന ദിവസം ആയിരങ്ങളുടെ നടുവിൽ വീര രൂപമാകുന്നത് ഭദ്രകാളിയാണ്. ശാർക്കര ക്ഷേത്രത്തിൽ ബിജു ഭദ്രകാളി വേഷം കെട്ടിത്തുടങ്ങിയതോടെ ആ രൂപം ഏറെ ശ്രദ്ധേയമായി. കാളിയൂട്ട് നടത്തുന്ന മിക്ക ക്ഷേത്രങ്ങളിലും പിന്നീട് കാളിയായി ബിജുതന്നെ വേണമെന്നായി. ബിജുവിലൂടെ ഭദ്രകാളിയുടെ അലർച്ചയും തിന്മയുടെ പ്രതീകമായ ദാരികനെ വകവരുത്താനിറങ്ങുന്ന ദേവീയുടെ ചുവന്ന കണ്ണുകളിൽ കോപാഗ്നി പടരുന്നതും ഭക്തർ ഒരിക്കലും മറക്കില്ല. കാളിയൂട്ട് കഴിഞ്ഞാൽ ഓട്ടോ ഓടിച്ചാണ് ബിജു കുടുംബം പുലർത്തിയിരുന്നത്. ഭാര്യ: ജീജ. മക്കൾ: ആരോമൽ. ആദിത്യൻ, സഹോദരൻ: ബിനു.
ഫോട്ടോ: കഴിഞ്ഞ വർഷത്തെ ശാർക്കര കാളിയൂട്ടിലെ നിലത്തിൽപ്പോരിൽ ബിജു ഭദ്രകാളി വേഷം അണിഞ്ഞപ്പോൾ ( ഫയൽ ചിത്രം)