sabarimala

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിയിൽ കോൺഗ്രസിന്റേത് മൃദു ഹിന്ദുത്വ നിലപാടെന്ന് തുറന്നുകാട്ടി അവരെ പ്രതിരോധത്തിലാക്കാൻ സി.പി.എം തന്ത്രം. സംഘപരിവാറിനോടൊപ്പം കോൺഗ്രസും നീങ്ങുന്നെന്ന പ്രചാരണം ശക്തിപ്പെടുത്തി മതേതര സമൂഹത്തിന്റെ പിന്തുണ സമാഹരിക്കുകയാണ് ലക്ഷ്യം.

കൊടി ഇല്ലാത്ത സമരമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞതിനർത്ഥം ബി.ജെ.പിക്ക് കീഴടങ്ങലാണെന്ന് സി.പി.എം കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ, കഴിഞ്ഞകാല സംഭവങ്ങളെ ഓർമ്മിപ്പിച്ച് കോൺഗ്രസിന്റേത് ബി.ജെ.പി നിലപാടെന്ന് സ്ഥാപിക്കുകയാണ് സി.പി.എം മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. രാജീവ്.

കേരളത്തിലെ കോൺഗ്രസ് ബി.ജെ.പി ആകരുതെന്നാണ് പലരും ആഗ്രഹിക്കുന്നതെങ്കിലും അണികളെ അങ്ങോട്ട് ആനയിക്കുകയാണ് പാർട്ടി നേതൃത്വം. അന്ധമായ സി.പി.എം വിരോധത്തിന്റെ പേരിൽ ആത്മഹത്യാപരമായ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ് നേതൃത്വത്തെ, കഴിഞ്ഞ ദിവസമുണ്ടായ നാവായിക്കുളം ഉപതിരഞ്ഞെടുപ്പ് ഫലമാണ് രാജീവ് ഓർമ്മിപ്പിക്കുന്നത്. കോൺഗ്രസ് വാർഡിൽ ബി.ജെ.പി ജയിച്ചപ്പോൾ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കോൺഗ്രസിന്റെ തകർച്ചയിൽ ബി.ജെ.പി വളരുന്നത് ആരും ആഗ്രഹിക്കുന്നില്ലെന്നും രാജീവ് പറഞ്ഞു.

സമവായ ഭാഷയിൽ ചർച്ച വേണം: കാനം

അതേസമയം, ശബരിമല വിഷയം സുപ്രീംകോടതി വിധിക്ക് അനുസൃതമായി എങ്ങനെ നടപ്പാക്കാമെന്ന് ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും ഒരുമിച്ചിരുന്ന് സമവായത്തിന്റെ ഭാഷയിൽ ചർച്ച ചെയ്ത് തീരുമാനിക്കണമെന്ന് സി.പി.ഐ മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

ശബരിമലയിലെ സ്ത്രീ വിവേചനത്തിന് ഒരൗചിത്യവുമില്ലെന്ന് കോടതി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ ഇത്തരം തെറ്റായ കീഴ്വഴക്കങ്ങളും ആചാരങ്ങളും ഉപേക്ഷിക്കപ്പെടേണ്ടതാണ്. ആധുനിക സമൂഹത്തിന് അംഗീകരിക്കാനാവാത്ത വർഗ, ലിംഗ വിവേചനപരമായ നിലപാടുകൾ എടുക്കുക വഴി വർത്തമാനകാല സമൂഹത്തിൽ മാനവികതയ്ക്കെതിരെ വെല്ലുവിളി നടത്തുകയാണ്. ഇത് സമൂഹത്തെ നൂറ്റാണ്ടുകൾ പിറകിലേക്ക് നയിക്കാനേ ഉതകൂ എന്ന പാഠം ഏവരും ഉൾക്കൊള്ളണം.