ss
Sabarimala

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ നാടെങ്ങും പ്രതിഷേധം നാമജപയാത്രകളായി അലയടിക്കവേ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഇന്ന് അനുരഞ്ജന ചർച്ച നടക്കും. മറ്റന്നാൾ തുലാമാസ പൂജയ്ക്ക് ശബരിമല നട തുറക്കാനിരിക്കെ, ഇന്നത്തെ ചർച്ച നിർണായകമാണ്. നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്ത് രാവിലെ 10നാണ് ചർച്ച. വിശ്വാസികളുടെ പക്ഷത്തു നിന്നുകൊണ്ട് പ്രശ്നം പരിഹരിക്കാനാണ് ബോർഡിന്റെ ശ്രമം.

പന്തളം കൊട്ടാരം, തന്ത്രികുടുംബം, തന്ത്രി സമാജം, അയ്യപ്പസേവാ സമാജം, അയ്യപ്പസേവാ സംഘം, യോഗക്ഷേമ സഭ എന്നിവരെയാണ് ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. എസ്.എൻ.ഡി.പി യോഗം, എൻ.എസ്.എസ് ഉൾപ്പെടെയുള്ള സമുദായ സംഘടനകൾക്ക് ക്ഷണമില്ല. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന നിലപാടെടുത്ത മറ്റു സംഘടനകളെയും ക്ഷണിച്ചിട്ടില്ല.

സുപീം കോടതി വിധി നടപ്പാക്കേണ്ടത് സർക്കാരിന്റെ ഭരണഘടനാപരമായ ബാദ്ധ്യതയാണെന്ന കാര്യം ദേവസ്വം ബോർഡ് ചർച്ചയിൽ ഓർമ്മപ്പെടുത്തും. എന്നാൽ ആചാരങ്ങൾ നടപ്പാക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് ചർച്ചയ്ക്കെത്തുന്നവരോട് ആരായും. അതേസമയം, സർക്കാർ നിർദേശത്തിനു വഴങ്ങാതെ, ആചാരം പാലിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കാനാണ് പന്തളം കൊട്ടാരം ഭാരവാഹികളുടെ തീരുമാനം. ഇന്ന് പന്തളത്ത് ആയിരം ഇരുചക്രവാഹനങ്ങളിൽ നാമജപയാത്ര നടത്തുന്നുണ്ട്.

മുഖ്യമന്ത്രി നേരിട്ട് കഴിഞ്ഞ ആഴ്ച അനുരഞ്ജന ചർച്ച നടത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും തന്ത്രിമാരും പന്തളം രാജകുടുംബാംഗങ്ങളും വരില്ലെന്ന് അറിയിച്ചതിനാൽ ആ നീക്കം പാളി. ഇന്നത്തെ ചർച്ചയിൽ വിശ്വാസി സമൂഹത്തിന് അനുകൂലമായ നിലപാട് ദേവസ്വം ബോർഡ് കൈക്കൊണ്ടില്ലെങ്കിൽ ചർച്ച പൊളിയും. അതോടെ സമരത്തിന്റെ തീവ്രത കൂടുകയും ചെയ്യും.