നെയ്യാറ്റിൻകര : മഞ്ചവിളാകം പരക്കുന്ന് ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച നാമജപ യാത്രയ്ക്കിടെ നടന്ന ആക്രമണത്തിലും കല്ലേറിലും പ്രതിഷേധിച്ച് എസ്.എൻ.ഡി.പി യോഗം മഞ്ചവിളാകം ശാഖയുടെ ആഭിമുഖ്യത്തിൽ ഇന്നലെ പ്രതിഷേധ പ്രകടനം നടന്നു. ജപമന്ത്ര ഘോഷയാത്രയിൽ പങ്കെടുക്കുന്നതിൽ വിമുഖത കാട്ടിയ രണ്ട് സ്ത്രീകളെയും ഒരു യുവാവിനെയും കല്ലെറിഞ്ഞ് പരിക്കേല്പിക്കുകയും മറ്റൊരാളുടെ കാർ എറിഞ്ഞു തകർക്കുകയും ചെയ്ത പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ പ്രകടനം നടത്തിയത്. മലയിൽക്കടയിൽ നടന്ന പ്രകടനം എസ്.എൻ.ഡി.പി പാറശാല യൂണിയൻ വൈസ് പ്രസിഡന്റ് കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. മഞ്ചവിളാകം ശാഖാ വൈസ് പ്രസിഡന്റ് ശിവരാജന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി കെ. ശ്രീകുമാർ സ്വാഗതം പറഞ്ഞു.
വിവിധ ഹിന്ദു സംഘടനകളുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകിട്ട് നടന്ന ഘോഷയാത്ര വൈകിട്ട് പിണർക്കാല ജംഗ്ഷനിൽ എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. തുടർന്ന് മലയിൽക്കട ജംഗ്ഷനിൽ നാമജപജാഥ സമാപിച്ച ശേഷം അക്രമികൾ കൂട്ടത്തോടെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ പരിക്കേറ്റ ചെറുവറ്റുർക്കോണം വീട്ടിൽ സിന്ധു (36), മലയിക്കട വിനായക ഭവനിൽ അജിത (40), മലയിൽക്കട സുധിഭവനിൽ എസ്.എൻ.ഡി.പി യോഗം മഞ്ചവിളാകം ശാഖാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സുബിൻ (36) എന്നിവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ തിരിച്ചറിയാമായിരുന്നിട്ടും പൊലീസ് നിസംഗത കാണിക്കുകയാണെന്ന് എസ്.എൻ.ഡി.പി ശാഖാ പ്രവർത്തകർ പറഞ്ഞു.