തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ ധനസമാഹരണത്തിനായി നിശ്ചയിച്ച വിദേശ പര്യടനത്തിന് മുഖ്യമന്ത്രി ഒഴിച്ചുള്ള മന്ത്രിമാർക്ക് ഇന്നലെയും കേന്ദ്രാനുമതി ലഭിച്ചില്ല. നേരത്തേ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം യാത്ര പുറപ്പെടേണ്ടത് നാളെയാണ്. പുതിയ സാഹചര്യം ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ചർച്ചയായേക്കും. എല്ലാവരുടെയും യാത്ര കണക്കിലെടുത്തായിരുന്നു മന്ത്രിസഭാ യോഗം ഇന്നത്തേക്ക് മാറ്റിയത്. മന്ത്രിസഭാ യോഗ ശേഷം ഇന്ന് മുഖ്യമന്ത്രി വാർത്താലേഖകരെ കാണാനും സാദ്ധ്യതയുണ്ട്.
മന്ത്രിമാരുടെ യാത്രയ്ക്ക് അനുമതി തേടി ചീഫ്സെക്രട്ടറിയാണ് നേരത്തേ വിദേശമന്ത്രാലയത്തിന് കത്ത് നൽകിയത്. അനുകൂല റിപ്പോർട്ട് പോയിട്ടുള്ള സ്ഥിതിക്ക് കേന്ദ്രാനുമതി എപ്പോൾ വേണമെങ്കിലും ലഭിച്ചേക്കാമെന്ന പ്രതീക്ഷയിലാണ് സർക്കാർ. മുഖ്യമന്ത്രി നാളെ യു.എ.ഇയിലേക്ക് പോകും. അബുദാബി, ഷാർജ, ദുബായ് സന്ദർശനത്തിന് ശേഷം 21ന് മടങ്ങിയെത്തും. അനുമതി കിട്ടാത്തതിനാൽ മന്ത്രിമാർക്ക് ഇതേവരെ വിമാന ടിക്കറ്റും നൽകിയിട്ടില്ല.
വരും ദിവസങ്ങളിൽ ഇനി അനുമതി ലഭിച്ചാലും നിശ്ചയിച്ച ഷെഡ്യൂളനുസരിച്ചുള്ള പരിപാടികൾ നടക്കാനിടയില്ല. മന്ത്രിമാരെത്തുന്ന ദിവസം നോക്കിയാണ് പ്രവാസി മലയാളികളുടെ പ്രത്യേക യോഗങ്ങൾ ക്രമീകരിച്ചത്. അതത് രാജ്യങ്ങളിൽ പ്രത്യേകാനുമതി വാങ്ങിയാണ് ലോക കേരളസഭാ പ്രതിനിധികളുടെ നേതൃത്വത്തിൽ പ്രവാസി കൂട്ടായ്മകൾ വിളിച്ചതും. യാത്ര നീണ്ടാൽ ഇതെല്ലാം പുനഃക്രമീകരിക്കണം.