തിരുവനന്തപുരം: പ്രായവും ശാരീരിക അവശതകളും തളർത്താത്ത കവിയെ കാണാൻ പ്രിയസഖാവെത്തി. നന്തൻകോട് വൈലോപ്പിള്ളി സംസ്‌കൃതിഭവന് സമീപം ബേക്കറി ലൈനിലെ 'പഴവിള' വീട്ടിലായിരുന്നു സംഗമം. കവി പഴവിള രമേശനും മന്ത്രി ജി.സുധാകരനും. 1970കളിൽ ജി.സുധാകരന്റെ എസ്.എഫ്.ഐ കാലം മുതൽക്കുള്ള പരിചയമാണ് ഇരുവരും തമ്മിൽ. അന്ന് പഴവിള മുതിർന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തകനാണ്.കവിയും വാഗ്മിയുമായ പഴവിള അന്നത്തെ ഊർജ്ജസ്വലനായ എസ്.എഫ്.എെക്കാരനെ എളുപ്പം ആകർഷിച്ചു.അന്നുതൊട്ട് ഇന്നോളം തുടർന്നുപോന്നു ആ സൗഹൃദം.
ഇന്നലെ രാവിലെ പത്തിനാണ് മന്ത്രി എത്തിയത്. തീർത്തും സ്വകാര്യമായ സന്ദർശനം. പ്രമേഹത്തെ തുടർന്ന് കാലു മുറിച്ചുമാറ്റിയതിനുശേഷം പുറത്തെ പരിപാടികൾക്കൊന്നും പോകാതെ എഴുത്തും വായനയും മാത്രമായി കഴിയുന്ന കവിക്ക് പഴയ ചങ്ങാതിയുടെ സാന്നിദ്ധ്യം ഏറെ സന്തോഷം പകർന്നു.പൂക്കളും പുസ്തകങ്ങളും ബുദ്ധശില്പങ്ങളും നിറഞ്ഞ മുറിയ്ക്കു നടുവിലായി ക്രമീകരിച്ചിരിക്കുന്ന ഇരിപ്പിടത്തിൽ വിടർന്ന ചിരിയുമായി കവി ഇരുന്നു.
പഴയകാല വിപ്ലവപ്രവർത്തനങ്ങളും കവിതയും പ്രിയപ്പെട്ട പുസ്തകങ്ങളും എഴുത്തുകാരും സഖാക്കളുമെല്ലാം ചർച്ചയിലെത്തി. അതിനിടെ മന്ത്രി രോഗവിവരം തിരക്കി. 'ഇപ്പോൾ തീരെ വയ്യ. അതാണ് കാണണമെന്നു പറഞ്ഞത്. കുറേ നേരം വായിക്കാനൊന്നും വയ്യ. കണ്ണിനും ദേഹത്തിനുമൊക്കെ ആയാസം.'. 'അതാണല്ലോ വിളിച്ചപ്പോൾ തന്നെ ഓടിവന്നത്. ക്ഷീണമൊക്കെ മാറും. ഇനിയും ഒരുപാട് കവിതയെഴുതണം' കൈകളിൽ തലോടി മന്ത്രി പറഞ്ഞു.
വീണ്ടും പല വിഷയങ്ങളെപ്പറ്റി സംസാരം.അതിനിടയിൽ ശബരിമലയും ചർച്ചയിലെത്തി.ചായയുമായി വന്ന കവിയുടെ ഭാര്യ രാധയോട് മന്ത്രി കവിയുടെ ഭക്ഷണകാര്യമെല്ലാം ചോദിച്ചറിഞ്ഞു.
ഒരു മണിക്കൂറിലേറെ നീണ്ട സംസാരത്തിനുശേഷം വീണ്ടും വരാം, എന്താവശ്യമുണ്ടെങ്കിലും വിളിക്കണമെന്നു പറഞ്ഞ് ഇറങ്ങുമ്പോൾ, 'ദാ എനിക്ക് ഒരു സംഗതി തരാനുണ്ട്' എന്നു പറഞ്ഞ് കവി തിരികെവിളിച്ചു.തന്റെ ബുദ്ധപ്രതിമകളുടെ ശേഖരത്തിൽ നിന്ന് വിശേഷപ്പെട്ട ഒരെണ്ണം കൈകളിൽ കൊടുത്തു.'ഹാ ഏറ്റവും വിലപ്പെട്ട സമ്മാനം' എന്നു സന്തോഷത്തോടെ ചിരിച്ച് മന്ത്രി പടിയിറങ്ങി. ധന്യമായ ഒരു പകലിന്റെ ഓർമ്മയിലേക്ക് കവിയും.