തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധിയിൽ സർക്കാരിനെതിരായി സംഘപരിവാറും യു.ഡി.എഫും നടത്തുന്ന രാഷ്ട്രീയമുതലെടുപ്പ് ചെറുക്കാൻ ഇടതുമുന്നണി നടത്തുന്ന ബഹുജനറാലി ഇന്ന് വൈകിട്ട് 5ന് പുത്തരിക്കണ്ടം മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, വർക്കല രവികുമാർ, സ്കറിയ തോമസ് എന്നീ ഘടകകക്ഷി നേതാക്കൾക്കൊപ്പം മുന്നണിയോട് സഹകരിച്ച് നിൽക്കുന്ന കക്ഷികളുടെ നേതാക്കളും പങ്കെടുക്കും.

 വാഹന ക്രമീകരണം

ചാല, നെയ്യാറ്റിൻകര, നേമം, പാറശാല, വെള്ളറട, കാട്ടാക്കട, നെടുമങ്ങാട്, വിതുര, വിളപ്പിൽ ഏരിയാ കമ്മിറ്റികൾ പവർഹൗസിൽ ആളെയിറക്കി വാഹനം ബൈപ്പാസ് റോഡിൽ പാർക്ക് ചെയ്യണം. കോവളം ഏരിയാ കമ്മിറ്റി സെൻട്രൽ തിയേറ്ററിന് മുന്നിൽ ആളെയിറക്കി വാഹനം കോട്ടയ്ക്കകത്ത് പാർക്ക് ചെയ്യണം. ആറ്റിങ്ങൽ, വർക്കല, കഴക്കൂട്ടം, മംഗലപുരം, വെഞ്ഞാറമൂട്, കിളിമാനൂർ ഏരിയാകമ്മിറ്റികൾ കോട്ടയ്ക്കകത്തുള്ള ജോസ്കോയ്ക്ക് മുന്നിൽ ആളെയിറക്കി വാഹനം ഈഞ്ചയ്ക്കൽ റോഡിൽ പാർക്ക് ചെയ്യണം. വഞ്ചിയൂർ ഏരിയാകമ്മിറ്റി ശ്രീകണ്ഠേശ്വരത്ത് വാഹനം പാർക്ക് ചെയ്യണം. പാളയം, പേരൂർക്കട ഏരിയാകമ്മിറ്റികൾ പവർഹൗസിൽ ആളെയിറക്കി സംഗീതകോളേജിന് മുന്നിൽ വാഹനം പാർക്ക് ചെയ്യണം.